< Back
Kerala
ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായി ശബരിമലയില്‍ സുരക്ഷ നല്‍കേണ്ടതില്ലെന്ന് നിരീക്ഷക സമിതി റിപ്പോര്‍ട്ട്
Kerala

ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമായി ശബരിമലയില്‍ സുരക്ഷ നല്‍കേണ്ടതില്ലെന്ന് നിരീക്ഷക സമിതി റിപ്പോര്‍ട്ട്

Web Desk
|
3 Jan 2019 7:08 PM IST

ശബരിമലയിലേക്ക് സ്വകാര്യ വാഹനം കടത്തിവിട്ടത് പോലിസിന്റെ ബോധപൂർവ്വമായ നടപടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു

ശബരിമലയിൽ ഒന്നോ രണ്ടോ വ്യക്തികൾക്ക് പ്രത്യേക പോലിസ് സംരക്ഷണം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി നിയമിച്ച മേൽനോട്ട സമിതിയുടെ റിപ്പോര്‍ട്ട്. ഇത്തരത്തിൽ സംരക്ഷണം നൽകുന്നത് മറ്റു ഭക്തരുടെ ആരാധനാ സ്വാതന്ത്രത്തെ പ്രതികൂലമായി ബാധിക്കുമെന്നും സമതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ ഹൈക്കോടതിയും വിമർശിച്ചു.

ശബരിമലയിൽ മകരവിളക്ക് കാലത്ത് തിരക്ക് വർധിക്കാനിരിക്കുകയാണ്. ഈ സമയത്ത് ചിലർക്ക് മാത്രം സംരക്ഷണം നൽകുന്നത് തിരക്ക് വർധിപ്പിക്കുകയും അപകട സാധ്യതയുണ്ടാക്കുകയും ചെയ്യും. ആളുകൾ കൊക്കയിൽ വീഴാനും സാധ്യതയുണ്ട്. ഡിസംബർ 24ന് രണ്ട് സ്ത്രീകൾ വന്നപ്പോൾ 20 കിലോമീറ്റർ ദൂരത്തിലാണ് ക്യൂ ഉണ്ടായത്. ഇത് സാധാരണ ഭക്തരുടെ ആരാധനാ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും ഹനിക്കുന്നതാണ്. അതിനാൽ പ്രത്യേക സുരക്ഷ വിശിഷ്ട വ്യക്തികൾക്കും കോടതി അനുവദിക്കുന്നവർക്കും മാത്രമേ പാടുള്ളൂയെന്നും റിപ്പോർട്ട് പറയുന്നു.

തമിഴ്നാട്ടില്‍ നിന്നും ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയിയെന്നും ഇത് കോടതി നിർദേശത്തിനെതിരാണെന്നും റിപ്പോർട്ടിലുണ്ട്. സ്വകാര്യ വാഹനം കടത്തിവിട്ടത് പോലിസിന്റെ ബോധപൂർവ്വമായ നടപടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. പമ്പയിലേക്ക് സ്വകാര്യ വാഹനം പാടില്ലെന്ന് നേരത്തെ ഉത്തരവുണ്ടായിട്ടും അത് ലംഘിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായിട്ടുണ്ടോ, ഡി.ജി.പിയാണോ സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള പോലിസാണോ ഇതിന് ഉത്തരവാദി ബോധപൂർവമായ ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമവാഴ്ച്ച സംരക്ഷിക്കാൻ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. സർക്കാരും ദേവസ്വം ബോർഡും തിങ്കളാഴ്ച്ച വിശദീകരണം നൽകണമെന്നും കോടതി വ്യക്തമാക്കി

Similar Posts