< Back
Kerala
ഹര്‍ത്താല്‍ അതിക്രമം; എറണാകുളത്ത് 228 പേര്‍ അറസ്റ്റില്‍
Kerala

ഹര്‍ത്താല്‍ അതിക്രമം; എറണാകുളത്ത് 228 പേര്‍ അറസ്റ്റില്‍

Web Desk
|
4 Jan 2019 8:30 AM IST

ഔദ്യോഗിക കണക്കുകള്‍ പ്രകാരം അക്രമ സംഭവങ്ങളുമായി ബന്ധമുള്ള 228 പേരെ അറസ്റ്റ് ചെയ്തു.

സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലും പൊലീസ് നടപടി ശക്തമാക്കി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം അക്രമ സംഭവങ്ങളുമായി ബന്ധമുള്ള 228 പേരെ അറസ്റ്റ് ചെയ്തു. 31 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമങ്ങളുമായി ബന്ധമുള്ള കൂടുതല്‍ പേര്‍ക്കെതിരെ ഇന്നും നടപടികളുണ്ടായേക്കുമെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സംഘ്പരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്ത് 228 പേരെയാണ് എറണാകുളം ജില്ലയില്‍ പൊലീസ് അറസ്റ്റ് ചെയ്ത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് 26 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 31 പേരെ പ്രിവന്റീവ് അറസ്റ്റിനും വിധേയമാക്കി.

ജില്ലയുടെ കിഴക്കന്‍ മേഖലയായ ആലുവ, പെരുമ്പാവൂര്‍, കോതമംഗലം തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ ആലുവാ മാര്‍ക്കറ്റില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇതേ തുടര്‍ന്ന് ഇരു വിഭാഗങ്ങളിലും പെട്ട 400 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപാരികള്‍ കടകളടച്ചിട്ടു. എന്നാല്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള നേരിട്ട് കൊച്ചി ബ്രോഡ് വേയിലെത്തി വ്യാപാരികള്‍ക്ക് പിന്തുണയറിയിച്ചെങ്കിലും പലയിടങ്ങളിലും സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടായി. പറവൂര്‍ വടക്കേക്കരയില്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായപ്പോള്‍ ആലാങ്ങാട്ടും ഫറവൂരും സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയും അതിക്രമങ്ങള്‍ നടന്നു‍. ജില്ലയിലെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലങ്കിലും സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോട് കൂടിയാവും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുക.

Related Tags :
Similar Posts