< Back
Kerala
ശബരിമല സമരം ശക്തമാക്കാന്‍ ബി.ജെ.പി; മോദിയും അമിത് ഷായും  കേരളത്തിലേക്ക്
Kerala

ശബരിമല സമരം ശക്തമാക്കാന്‍ ബി.ജെ.പി; മോദിയും അമിത് ഷായും കേരളത്തിലേക്ക്

Web Desk
|
5 Jan 2019 11:48 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ ബിജെപിയുടെ കൂടുതല്‍‌ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും.

കൂടുതൽ ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് ശബരിമല സമരം ശക്തമാക്കാൻ ബി.ജെ.പിയും സംഘ്പരിവാർ സംഘടനകളും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷൻ അമിതാഷായും ഈ മാസം കേരളത്തിലെത്തും. 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തില്‍ ദേശീയ നേതാക്കൾ പങ്കെടുക്കും.

15ന് ദേശീയപാത കൊല്ലം ബൈപ്പാസിന്‍റെ ഉദ്ഘാടനത്തിന് പിന്നാലെ കൊല്ലത്ത് ബി.ജെ.പി പൊതു സമ്മേളനത്തിലും നരേന്ദ്ര മോദി പങ്കെടുക്കും. കേന്ദ്ര പദ്ധതികൾക്ക് സംസ്ഥാനത്ത് പ്രചാരണം നൽകാൻ കൂടിയാണിത്. തുടര്‍ന്ന് 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തും. സംഘ്പരിവാർ സംഘടനാ പ്രവർത്തകരെ അണി നിരത്തി ശബരിമല കർമ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ‌

ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവിനെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഉപരോധ പരിപാടിയിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചു. ഈ പരിപാടികള്‍ക്ക് പിന്നാലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബി.ജെ.പി നീക്കം. സമ്മേളനങ്ങള്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി തെരഞ്ഞെടുപ്പ് വരെ വിഷയം ഉയര്‍ത്തിപ്പിടിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

കർമ സമിതി സമര രഗവും, ബി.ജെ.പി സംഘടനാ സംവിധാനവും ശക്തിപ്പെടുത്തുക എന്ന രീതിയാണ് സ്വീകരിക്കുന്നത്. ബി.ജെ.പിയുടെ ദേശീയ നേതാക്കളുടെ വരവിനനുസരിച്ച് തങ്ങളുടെ പിന്തുണ വർധിക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

Similar Posts