< Back
Kerala
കരിമണല്‍ ഖനനം ആലപ്പാടിന് ഭീഷണിയാകുന്നു
Kerala

കരിമണല്‍ ഖനനം ആലപ്പാടിന് ഭീഷണിയാകുന്നു

Web Desk
|
6 Jan 2019 11:08 AM IST

ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ചുരുങ്ങി ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി മാറി.

കൊല്ലം കരുനാഗപ്പള്ളിയിലെ ആലപ്പാട്ട് തീരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുന്‍പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. ഖനനത്തിനെതിരായ സമരം 66 ദിവസം പിന്നിട്ടു.

ഇന്ത്യന്‍ റയര്‍ ഏര്‍ത്‌സ് ലിമിറ്റഡ് കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ കമ്പനികള്‍ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണല്‍ ഖനനം ആരംഭിച്ചത്. ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ചുരുങ്ങി ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി മാറി. ഖനനം തുടരും തോറും കടല്‍ കരയെ വിഴുങ്ങുകയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.

ഖനനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐ.ആര്‍.ഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കടലിനും കായലിനും ഇടക്കുള്ള ഗ്രാമമാണ് ആലപ്പാട്. ഇനിയും ഖനനം തുടര്‍ന്നാല്‍ ഗ്രാമം ഭൂപടത്തില്‍ മാത്രമായിത്തീരുമെന്ന ഭീതിയിലാണ് ഇവിടത്തുകാര്‍.

Related Tags :
Similar Posts