< Back
Kerala
പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്: ആർ.എസ്.എസ് പ്രചാരകിനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കും  
Kerala

പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്: ആർ.എസ്.എസ് പ്രചാരകിനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കും  

Web Desk
|
6 Jan 2019 3:09 PM IST

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ബോംബ് എറിഞ്ഞത് ആര്‍.എസ്.എസ് ജില്ലാ കാര്യവാഹക് പ്രവീണാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ ആർ.എസ്.എസ് പ്രചാരക് പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേസില്‍ പ്രതിചേര്‍ത്തേക്കും. ഹര്‍ത്താല്‍ അക്രമങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സർക്കാർ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും.

ഹർത്താലുമാ‌യി ബന്ധപ്പെട്ട ആക്രമ സംഭവം തുടരുന്നതിനിടെയാണ് ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. സംഘം ചേർന്ന് എത്തിയവർ പൊലീസ് സ്റ്റേഷന് നേരെ ബോംബ് എറിയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ബോംബ് എറിഞ്ഞത് ജില്ലാ കാര്യവാഹക് പ്രവീണാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തിന് ശേഷവും ഇയാളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. പ്രവീണിന് ബോംബ് സൂക്ഷിക്കാനും ഇത് ഇയാള്‍ക്ക് എത്തിച്ച് നല്‍കാനും സംഘടനയ്ക്ക് പുറത്ത് സഹായം ലഭിച്ചെന്നാണ് പൊലീസിന്‍റെ കണക്കുകൂട്ടല്‍. ഇയാള്‍ ഒളിവില്‍ കഴിയുന്നതിന് സഹായം ഒരുക്കുന്നത് ഇവരാണെന്നും പൊലീസ് പറയുന്നു. കുറ്റം തെളിഞ്ഞാല്‍ ഇവരും കേസില്‍ കൂട്ട് പ്രതികളാകും.

ഗവർണറുടെ നിർദേശ പ്രകാരം ഹർത്താൽ ആക്രമണത്തിന്റെ വിശദമായ റിപ്പോർട്ട് രാജ്ഭവനിൽ ഇന്ന് കൈമാറും. വിവിധ അക്രമ സംഭവത്തിലെ അറസ്റ്റ് 4000 പിന്നിടുകയാണ്. അക്രമികൾക്കെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയ വകുപ്പ് കൂടി പൊലീസ് ചുമത്തും. സി.പി.എം - ബി.ജെ.പി നേതാക്കളുടെ പ്രസംഗം നിരീക്ഷിക്കാൻ സ്പെഷ്യൽ ബ്രാഞ്ചിന് ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രകോപനപരമായ പ്രസംഗങ്ങൾക്കെതിരെ കേസെടുക്കാനാണ് നിർദ്ദേശം.

Related Tags :
Similar Posts