< Back
Kerala
ഒടുവില്‍ പിഴ അടച്ച് ശോഭാ സുരേന്ദ്രന്‍
Kerala

ഒടുവില്‍ പിഴ അടച്ച് ശോഭാ സുരേന്ദ്രന്‍

Web Desk
|
10 Jan 2019 8:36 PM IST

വിധിക്കെതിരെ സുപ്രീംകോടതിയിൽ പോകുമെന്നും, പിഴ നൽകാൻ ഉദ്ദേശമില്ലെന്നും ശോഭ പറഞ്ഞിരുന്നെങ്കിലും, ഹെെകോടതിയിൽ വെച്ചു തന്നെ സംഭവം അവസാനിപ്പിക്കുകയായിരുന്നു

ശബരിമല വിഷയത്തിൽ അനാവശ്യ ഹരജി നൽകിയതിന് കേരള ഹെെകോടതി വിധിച്ച പിഴ നൽകി ശോഭാ സുരേന്ദ്രൻ. ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനാണ് ശോഭ സുരേന്ദ്രന് കോടതിയുടെ വിമർശനവും പിഴയും ലഭിച്ചത്. എന്നാൽ ഇതിനെതിരെ സുപ്രീംകോടതിയിൽ പോകുമെന്നും, പിഴ നൽകാൻ ഉദ്ദേശമില്ലെന്നും ശോഭ പറഞ്ഞിരുന്നെങ്കിലും, ഹെെകോടതിയിൽ വെച്ചു തന്നെ സംഭവം അവസാനിപ്പിക്കുകയായിരുന്നു.

ശബരിമലയിൽ പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ കോടതിയെ സമീപ്പച്ചത്. എന്നാൽ, ശോഭയുടേത് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്, ഇത്തരം അടിസ്ഥാനമില്ലാത്ത ഹരജികൾ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴയും ചുമത്തുകയായിരുന്നു. അനാവശ്യ വാദങ്ങൾ കോടതിയിൽ ഉന്നയിക്കരുതെന്നും, ഇത് പരീക്ഷണത്തിനായി ഹരജികൾ നൽകാനുള്ള സ്ഥലമല്ലെന്നും ഡിവിഷൻ ബെഞ്ച് സൂചിപ്പിക്കുകയുണ്ടായി.

ഹരജി പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാണെന്ന് ശോഭയുടെ അഭിഭാഷകൻ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കാതിരുന്ന ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കർ അടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹരജി തള്ളാൻ തീരുമാനിക്കുകയായിരുന്നു.

Similar Posts