< Back
Kerala
വ്യാജരേഖ ചമക്കാന്‍ കര്‍ദിനാള്‍ ഒത്താശ ചെയ്തു: സീറോ മലബാര്‍ സഭയില്‍ വീണ്ടും വിവാദ ഭൂമിയിടപാട്
Kerala

വ്യാജരേഖ ചമക്കാന്‍ കര്‍ദിനാള്‍ ഒത്താശ ചെയ്തു: സീറോ മലബാര്‍ സഭയില്‍ വീണ്ടും വിവാദ ഭൂമിയിടപാട്

Web Desk
|
10 Jan 2019 5:53 PM IST

ഭൂമി വിറ്റത് വ്യാജപട്ടയം തയാറാക്കിയെന്ന് പരാതിക്കാരന്‍

സീറോ മലബാര്‍ സഭയില്‍ വീണ്ടും ഭൂമി വിവാദം. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പന നടത്താന്‍ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഒത്താശയോടെ വ്യാജപട്ടയം ചമച്ചുവെന്നാണ് പുതിയ പരാതി. കർദിനാൾ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അിഭാഷകനായ പോളച്ചൻ പുതുപ്പാറയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ കൈവശമുണ്ടായിരുന്ന വാഴക്കാലയിലെ സ്ഥലം വില്പന നടത്തിയത് വ്യാജരേഖ ചമച്ചാണെന്നാണ് പുതിയ ആരോപണം. എറണാകുളം ലാൻഡ് ട്രൈബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ മുഖാന്തിരം 1976 ൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരിൽ ഈ സ്ഥലം പതിച്ചു ക്രയ സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് ആധാരത്തിൽ കാണിക്കുന്നത്. 392 ആം നന്പര്‍ പട്ടയമെന്ന് ആധാരത്തില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എന്നാൽ 1992 ല്‍ മാത്രം നിലവില്‍ വന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ പേരില്‍ 1976ൽ പട്ടയം ലഭിച്ചുവെന്നത് തിരിമറി നടത്തിയതിന് തെളിവാണെന്നാണ് ആരോപണം. വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകളിൽ 392 ആം നമ്പറില്‍ കുഞ്ഞു താത്തി എന്നപേരിൽ ഒരാൾക്ക് കുടികിടപ്പ് പതിച്ചുകൊടുത്ത രേഖകളാണുള്ളത്.

ഇപ്രകാരം വ്യാജരേഖ ചമച്ച് സ്ഥലം വില്‍പ്പന നടത്താന്‍ കര്‍ദിനാള്‍ ഒത്താശ ചെയ്തുവെന്നും ഇതിനായി ഫാദര്‍ ജോഷി പുതുവനയെ ചുമതലപ്പെടുത്തിയെന്നും പരാതിക്കാരന്‍ പറഞ്ഞു. സീറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ചേരുന്ന സമയത്താണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്.

Similar Posts