< Back
Kerala
വിവാഹ ദിനത്തിലെ റാഗിങ് അതിരുവിട്ടു: ദേഷ്യത്തോടെ ഭക്ഷണമേശ മറിച്ചിട്ട് വരന്‍
Kerala

വിവാഹ ദിനത്തിലെ റാഗിങ് അതിരുവിട്ടു: ദേഷ്യത്തോടെ ഭക്ഷണമേശ മറിച്ചിട്ട് വരന്‍

Web Desk
|
10 Jan 2019 10:29 AM IST

വധൂവരന്‍മാര്‍ ഭക്ഷണത്തിനിരിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്

വിവാഹ ദിനത്തില്‍ വധുവിനെ കൊണ്ട് അമ്മിയില്‍ ചമ്മന്തിയരപ്പിക്കുക, ശവപ്പെട്ടിയില്‍ കയറി വരനെത്തുക, ഡാന്‍സ് കളിപ്പിക്കുക തുടങ്ങിയ ആചാരങ്ങള്‍ ഇന്നത്തെ വിവാഹങ്ങളില്‍ പതിവാണ്. വ്യത്യസ്തക്ക് വേണ്ടി കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവൃത്തികള്‍ ചിലര്‍ക്ക് അത്ര പിടിക്കാറില്ലെങ്കിലും വിവാഹചടങ്ങുകളില്‍ റാഗിങുകള്‍ കൂടിക്കൂടി വരികയാണ്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കല്യാണ ദിവസം കൂട്ടുകാരുടെ റാഗിങ് അതിര് വിട്ടപ്പോള്‍ വരന് ദേഷ്യം വരികയും മേശ മറിച്ചിട്ട് എഴുന്നേറ്റു പോവുകയും ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.

അന്തസില്ലാത്ത കൂട്ടുകാർക്കൊരു പാഠാമാണിത്... ക്ലൈമാക്സ് കാണാതെ പോകരുത്... 😲😲

Posted by Orange Media Entertainment on Wednesday, January 9, 2019

വധൂവരന്‍മാര്‍ ഭക്ഷണത്തിനിരിക്കുന്ന രംഗമാണ് വീഡിയോയിലുള്ളത്. ഈ സമയം ഇരുവരുടെയും ഇലകളില്‍ കൂട്ടുകാര്‍ കറികള്‍ വിളമ്പുന്നു. വരന്റെ ഇലയില്‍ ചോറിട്ടപ്പോള്‍ വധു അതു വാരി തന്റെ ഇലയിലേക്ക് ഇടുന്നു. ഇതു കണ്ട വരന്റെ കൂട്ടുകാര്‍ കളിയാക്കുകയും പരിഹാസം അതിര് വിട്ടപ്പോള്‍ വരന്‍ ഭക്ഷണ മേശ മറിച്ചിട്ട് എഴുന്നേറ്റു പോവുകയും ചെയ്തു.

വരനെ പിന്തുണച്ചുകൊണ്ടും കൂട്ടുകാരെ എതിര്‍ത്തും നിരവധി കമന്റുകളാണ് വരുന്നത്. എല്ലാരും ഇതുപോലൊക്കെ റിയാക്ട് ചെയ്തിരുന്നേൽ എന്നേ ഈ കലാരൂപം അവസാനിച്ചേനെ എന്നാണ് ചിലരുടെ കമന്റ്. എന്നാല്‍ സ്വന്തം കല്യാണമല്ലേ വരന് ഒന്നു ക്ഷമിക്കാമെന്ന് പറയുന്നവരുമുണ്ട്. വരനെ ശരിക്കും കളിയാക്കിയത് വധുവാണെന്നും ചിലര്‍ പറയുന്നു.

Related Tags :
Similar Posts