
ജോയ്സ് ജോര്‍ജ് വിള്ളലുണ്ടാക്കിയ യു.ഡി.എഫ് കോട്ട ഇത്തവണ ആര്‍ക്കൊപ്പം?
|ഇടുക്കി മണ്ഡലത്തിലെ 80 ശതമാനം വോട്ടര്‍മാരും കര്‍ഷകരാണ്. അതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയിലെ ഓരോ ചലനങ്ങളും ഇവിടുത്തെ വോട്ടിനെ സ്വാധീനിക്കും.
ചരിത്രം പരിശോധിച്ചാല്‍ യു.ഡി.എഫിന്‍റെ ഉറച്ച മണ്ഡലങ്ങളില്‍ ഒന്നാണ് ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലം. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണത്തിനായി യു.പി.എ സര്‍ക്കാര്‍ നിയോഗിച്ച മാധവ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഇടുക്കി ജനതയെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.
ജില്ലയ്ക്ക് പുറത്തുനിന്നുള്ളവര്‍ സ്ഥാനാര്‍ഥികളായി എത്തിയാല്‍ സ്വീകരിക്കാന്‍ മടിയില്ലാത്ത ചരിത്രമാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിനുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും ഇടുക്കി ജില്ലക്കാരാണ് ലോക്സഭയില്‍ ഇടുക്കിയെ പ്രതിനിധീകരിച്ചത്.
യു.ഡി.എഫിന് മികച്ച വേരോട്ടമുള്ള മണ്ഡലം. മണ്ഡലം രൂപീകൃതമായത് മുതല്‍ മറ്റ് ജില്ലകളില്‍ നിന്ന് എത്തിയ നേതാക്കന്‍മാരെ സ്വീകരിച്ച മണ്ഡലം. ഇതില്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്ന സി.എം സ്റ്റീഫന്‍ മുതല്‍ പി.ജെ കുര്യനും എ.സി ജോസും പി.സി ചാക്കോയും പാലാ കെ.എം മാത്യുവും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഇടുക്കി ജനത പാര്‍ലമെന്‍റിലേക്ക് അയച്ചിട്ടുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി എത്തിയ സി.പി.എം നേതാവ് എം.എം ലോറന്‍സും കെ.ഫ്രാന്‍സിസ് ജോര്‍ജും അടക്കമുള്ളവര്‍ മറ്റ് ജില്ലകളില്‍നിന്ന് എത്തിയവരാണ്. ഇടുക്കിക്കാരായി ലോക്സഭയിലെത്തിയത് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസും ഇപ്പോള്‍ സി.പി.എം സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജും മാത്രം.
1157419 വോട്ടര്‍മാരാണ് 2014ലെ തെരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്സഭാ മണ്ഡലത്തിലുണ്ടായിരുന്നത്. തൊടുപുഴ, ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് തുടങ്ങിയ ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്ന വലിയ ഭൂപ്രദേശമാണ് ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലം. ഇടുക്കിയും തൊടുപുഴയും ഒഴികെ അഞ്ചും ഇപ്പോള്‍ ഇടതിനൊപ്പമാണ്.
2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ നിര്‍ണായക ഘടകമായ കത്തോലിക്ക സഭയുടെ പിന്തുണയോടെ ഹൈറേഞ്ച് സംരക്ഷണ സമിതി തെരഞ്ഞെടുപ്പില്‍ ഇറങ്ങി കളിച്ചതോടെയാണ് അഡ്വ. ജോയ്സ് ജോര്‍ജ് എന്ന പുതിയ പാര്‍ലമെന്‍റ് അംഗം ഇടുക്കിയെ പ്രതിനിധീകരിക്കുന്നത്. കോണ്‍ഗ്രസ് വോട്ടുകള്‍ മലക്കം മറിഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാകോസ് പരാജയപ്പെടുകയായിരുന്നു. ജോയ്സ് ജോര്‍ജിന്‍റെ ഭൂരിപക്ഷം 5,0542 വോട്ടുകളാണ്.
ക്രിസ്ത്യന്‍ സമുദായത്തിന് പുറമെ ഈഴവ വോട്ടുകളും ഇടുക്കി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ ജയം നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. ബിജെപി 50,438 വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്. ഇടുക്കി മണ്ഡലത്തിലെ 80 ശതമാനം വോട്ടര്‍മാരും കര്‍ഷകരാണ്. അതുകൊണ്ട് തന്നെ കാര്‍ഷിക മേഖലയിലെ ഓരോ ചലനങ്ങളും ഇവിടുത്തെ വോട്ടിനെ സ്വാധീനിക്കും.