< Back
Kerala
ആലപ്പാട് ഖനനം; സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മേഴ്സിക്കുട്ടിയമ്മ
Kerala

ആലപ്പാട് ഖനനം; സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മേഴ്സിക്കുട്ടിയമ്മ

Web Desk
|
12 Jan 2019 2:05 PM IST

വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടത്.അശാസ്ത്രീയ ഖനനം പാടില്ലെന്ന നിലപാടാണ് സര്‍ക്കാറിന്.

ആലപ്പാട് ഖനനത്തിനെതിരെ സമരം ചെയ്യുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. വ്യവസായ വകുപ്പാണ് ഇതിന് മുന്‍കൈ എടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സമരം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു. എന്നാല്‍ ഖനനം നിര്‍ത്തിയ ശേഷം മാത്രം ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്നാണ് സമരസമിതിയുടെ നിലപാട്.

കേന്ദ്ര,പൊതുമേഖല സ്ഥാപനമായ ഐ.ആര്‍.ഇ നടത്തുന്ന അശാസ്ത്രീയ ഖനനം മൂലം ഭൂവിസ്തൃതി കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആലപ്പാട്ട് സമരം തുടങ്ങിയത്. 72 ദിവസം പിന്നിട്ട സമരത്തിന് സാമൂഹികമാധ്യമങ്ങളിലൂടെ വലിയ പിന്തുണ ലഭിച്ചിരുന്നു. സമരം കേരളം സജീവമായി ചര്‍ച്ച ചെയ്ത് തുടങ്ങിയതിന് പിന്നാലെയാണ് സമവായനീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. സമരത്തിൽ ഇടപെടാൻ സർക്കാർ വൈകിയിട്ടില്ലെന്ന് കാനം രാജേന്ദ്രനും പറഞ്ഞു.

എന്നാല്‍ ഖനനം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ചയോട് സഹകരിക്കാമെന്നാണ് സമരസമിതിയുടെ നിലപാട്. അശാസ്ത്രീയ ഖനനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി ഇ.പി ജയരാജനും പരിശോധന ആവശ്യമാണെന്ന് മന്ത്രി ജി.സുധാകരനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Similar Posts