< Back
Kerala
ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് നിയമന നടപടികള്‍ നിര്‍ത്തിവെച്ചു
Kerala

ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൂപ്പ് നിയമന നടപടികള്‍ നിര്‍ത്തിവെച്ചു

Web Desk
|
18 Jan 2019 2:03 PM IST

നിയമനം നിര്‍ത്തി വയ്ക്കണമെന്ന ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഗ്രൂപ്പ് എ തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ നിര്‍ത്തിവെച്ചു. സംവരണം പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമനം നിര്‍ത്തി വയ്ക്കുന്നതായി കാണിച്ച് ചിത്ര കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ഗ്രൂപ്പ് എ വിഭാഗത്തില്‍പ്പെട്ട 15 തസ്തികകളിലേക്ക് കഴിഞ്ഞ നവംബറിലാണ് ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ ക്ഷണിച്ചത്. ഏപ്രിലില്‍ നടന്ന നിയമനത്തില്‍ സംവരണം പാലിച്ചില്ലെന്ന പരാതി ദേശീയ പട്ടിക ജാതി കമ്മീഷന്‍ പരിഗണിക്കുന്നതിനിടയിലാണ് പുതിയ നിയനമനത്തിന് ശ്രീ ചിത്ര നീക്കം നടത്തിയത്. വയനാട് സ്വദേശിയായ ബൈജു ഇതിനെതിരെ ദേശീയ പട്ടിക വര്‍ഗ കമ്മീഷന് പരാതി നല്‍കി. നവംബറില്‍ തന്നെ പട്ടിക വര്‍ഗ കമ്മീഷന്‍ ശ്രീ ചിത്രയുടെ വിശദീകരണം തേടി. വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത ശ്രീ ചിത്ര നിയമന നടപടിയുമായി മുന്നോട്ടു പോയി. ഈ മാസം 21, 22 തിയതികളില്‍ അഭിമുഖവും നിശ്ചയിച്ചു. ഈ സാഹചര്യത്തിലാണ് നിയമനം നിര്‍ത്തിവയ്ക്കണമെന്ന ഉത്തരവ് പട്ടിക വര്‍ഗ കമ്മീഷന്‍ പുറപ്പെടുവിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേന ചിത്രക്ക് നിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീ ചിത്ര നിയമന നടപടി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. തീരുമാനം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു.

21, 22 തിയതികളിലെ അഭിമുഖം മാറ്റിവെച്ചതായി ഉദ്യോഗാര്‍ഥികള്‍ക്കും ഇ മെയില്‍ അയച്ചിട്ടുണ്ട്. നിയമനം നിര്‍ത്തി വച്ചെങ്കിലും സംവരണ പാലിക്കുന്നതുവരെ പ്രക്ഷോഭം തുടരാനാണ് പിന്നാക്ക സംഘടനകളുടെ തീരുമാനം. ശ്രീ ചിത്രയിലെ സംവരണ അട്ടിമറിയും കമ്മീഷനുകളുടെ ഇടപെടലും മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. പട്ടിക വര്‍ഗ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നിയമനം നിര്‍ത്തി വച്ചിട്ടുണ്ട്. സംവരണം പാലിക്കാന്‍ ശ്രീ ചിത്ര തയ്യാറാകുമോ എന്നതാണ് ഇനി അവശേഷിക്കുന്ന ചോദ്യം.

Similar Posts