< Back
Kerala
ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കി
Kerala

ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കി

Web Desk
|
21 Jan 2019 11:00 AM IST

ശബരിമലയിലെ തിരക്ക് കാരണം വിശദീകരണം തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമുള്ള തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്.

ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് സാവകാശം നല്‍കി. വിശദീകരണം നല്‍കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് 15 ദിവസത്തെ സാവകാശം നല്‍കിയത്. ശബരിമലയിലെ തിരക്ക് പരിഗണിച്ച് സമയം നീട്ടി നല്‍കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടിരുന്നു.

ബിന്ദു, കനക ദുര്‍ഗ്ഗ എന്നിവര്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. ഇത് സുപ്രീം കോടതി വിധി ലംഘനമാണെന്നും, ദേവസ്വം ബോര്‍ഡ് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് വിശദീകരണം ആവശ്യപ്പെട്ട് ബോര്‍ഡ് തന്ത്രിക്ക് നോട്ടീസ് നല്‍കിയത്.

വിശദീകരണം നല്‍കാന്‍ ബോര്‍ഡ് നല്‍കിയ 15 ദിവസത്തെ സമയപരിധി ഇന്നവസാനിച്ച സാഹചര്യത്തിലാണ് തന്ത്രിക്ക് ബോര്‍ഡ് കൂടുതല്‍ സാവകാശം നല്‍കിയത്. ശബരിമലയിലെ തിരക്ക് കാരണം വിശദീകരണം തയ്യാറാക്കാന്‍ കഴിഞ്ഞില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമുള്ള തന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. ഇന്ന് മുതല്‍ 15 ദിവസം കൂടിയാണ് സമയം അനുവദിച്ചിരിക്കുന്നത്.

17 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. വിശദീകരണം കിട്ടിയ ശേഷമായിരിക്കും തന്ത്രിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കുന്നത്.

Similar Posts