< Back
Kerala
സീറ്റ് വിഭജനത്തില്‍ യു.ഡി.എഫില്‍ അവ്യക്തത തുടരുന്നു
Kerala

സീറ്റ് വിഭജനത്തില്‍ യു.ഡി.എഫില്‍ അവ്യക്തത തുടരുന്നു

Web Desk
|
24 Jan 2019 4:27 PM IST

സീറ്റ് വിഭജനത്തിന് വേണ്ടിയുള്ള ഉഭയയകക്ഷി ചര്‍ച്ചകള്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം നടത്താനാണ് മുന്നണിയിലെ ധാരണ. എന്നാല്‍ ഘടകക്ഷികളുടെ സീറ്റുകള്‍ സംബന്ധിച്ച നിലപാട് പരസ്യമായി കഴിഞ്ഞു.

യു.ഡി.എഫിലെ സീറ്റ് വിഭജനം സംബന്ധിച്ച അവ്യക്തത തുടരുന്നു. മുന്നണിയിലോ പാര്‍ട്ടിയിലോ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുമ്പോള്‍ ഘടകകക്ഷി സീറ്റുകള്‍ സംബന്ധിച്ച ധാരണകള്‍ മറ്റു നേതാക്കള്‍ പരസ്യമാക്കുന്നുണ്ട്. പാര്‍ട്ടിയിലെ സീറ്റ് ചര്‍ച്ച സജീവമായെന്ന് കെ.പി.സി.സി പ്രസിഡന്‍റും ഇന്നലെ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച യു.ഡി.എഫിലോ കോണ്‍ഗ്രസിലോ ഒരു ചര്‍ച്ചയും തുടങ്ങിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി മുന്നണി ഫോറങ്ങളില്‍ ചര്‍ച്ച തുടങ്ങിയിട്ടില്ല. സീറ്റ് വിഭജനം യു.ഡി.എഫ് പ്രശ്നങ്ങളില്ലാതെ പൂര്‍ത്തിയാക്കുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

സീറ്റ് വിഭജനത്തിന് വേണ്ടിയുള്ള ഉഭയയകക്ഷി ചര്‍ച്ചകള്‍ ഈ മാസം അവസാനം നിശ്ചയിച്ചിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ശേഷം നടത്താനാണ് മുന്നണിയിലെ ധാരണ. എന്നാല്‍ ഘടകക്ഷികളുടെ സീറ്റുകള്‍ സംബന്ധിച്ച നിലപാട് പരസ്യമായി കഴിഞ്ഞു. കൊല്ലത്തെ എന്‍.കെ പ്രേമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ആര്‍.എസ്.പി പ്രഖ്യാപിച്ചതിന് പിന്നാലെ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെയെന്ന് ഉമ്മന്‍ചാണ്ടി ഇന്ന് വ്യക്തമാക്കി.

സീറ്റ് ധാരണയായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ മുസ്‍ലിം ലീഗ് നേതൃത്വവും തള്ളി. ഇതിനിടെ ഘടകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് ഉണ്ടാകില്ലെന്ന് സൂചന കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരനും നല്‍കി

ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെങ്കിലും പാര്‍ട്ടി മുന്നണി നേതാക്കള്‍ക്കിടയില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ സജീവമാണെന്ന് സൂചിപ്പിക്കുന്നതാണ് നേതാക്കളുടെ പ്രസ്താവനകള്‍

Similar Posts