< Back
Kerala
മലപ്പുറത്തിന് 50 വയസ്സ്
Kerala

മലപ്പുറത്തിന് 50 വയസ്സ്

Web Desk
|
29 Jan 2019 10:32 AM IST

വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലാണ് ഇ.എം.എസ്സിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ മലപ്പുറം ജില്ല പ്രഖ്യാപിച്ചത്.

കേരളത്തിന്‍റെ സാമൂഹ്യ, രാഷ്ട്രീയ ചരിത്രത്തില്‍ സുപ്രധാന ഇടം നേടിയ മലപ്പുറം ജില്ല രൂപം കൊണ്ടിട്ട് അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. വൈദേശികരുടെയും ജന്‍മികളുടെയും ആധിപത്യത്തിനെതിരെ നിരന്തരം പോരാടി പിന്നാക്കമായിപ്പോയ ഒരു ജനതക്ക് ലഭിച്ച മേല്‍വിലാസം കൂടിയാണ് മലപ്പുറമെന്ന ജില്ല. വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലാണ് ഇ.എം.എസ്സിന്‍റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാര്‍ മലപ്പുറം ജില്ല പ്രഖ്യാപിച്ചത്.

മദിരാശി സംസ്ഥാനത്ത് മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു ഇന്നത്തെ മലപ്പുറം ജില്ല. 1956ല്‍ ഐക്യ കേരളം പിറന്നപ്പോള്‍ മലബാര്‍ ജില്ല മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ മലപ്പുറം പ്രദേശം കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായി മാറി. ഒന്നര നൂറ്റാണ്ട് നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രമുള്ള നാടാണ് മലപ്പുറം. ബ്രിട്ടീഷ് ഭരണത്തിന്‍റെ ആരംഭത്തില്‍ ബോംബെ പ്രോവിന്‍സിന്‍റെ ഭാഗമായിരുന്നു ഈ പ്രദേശം. വൈദേശിക ആധിപത്യത്തിനെതിരായ പോരാട്ടം മാത്രം അജണ്ടയാക്കി ഒരു ജനത നിലയുറപ്പിച്ചോള്‍ സ്വാഭാവികമായി അവരുടെ പ്രദേശം പിന്നാക്കമായി.

വല്ലാതെ പിറകിലായിപ്പോയ ഈ പ്രദേശത്തിന്‍റെ വികസനം ലക്ഷ്യം വെച്ചാണ് മലപ്പുറം ജില്ല വേണമെന്ന ആവശ്യം ഉയര്‍ന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായി. കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍ താലൂക്കുകളും പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി, പെരിന്തല്‍മണ്ണ താലൂക്കുകളും ചേര്‍ത്താണ് മലപ്പുറം ജില്ല രൂപീകരിക്കുന്നത്.

1969ല്‍ രൂപീകരിച്ചതാണെങ്കിലും കേരളത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. 44 ലക്ഷം ജനങ്ങളുള്ള മലപ്പുറത്ത് ആരോഗ്യ,വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ വലിയ കുറവുണ്ട്. ജനസംഖ്യാനുപാതികമായി വില്ലേജുകളും താലൂക്കുകളും മലപ്പുറം ജില്ലയില്‍ ഇല്ല.

പ്രവാസം കൊണ്ടുവന്ന ക്ഷേമവും പുതിയ തലമുറയുടെ കഠിനാധ്വാനവും അഭിമാനകരമായ ചില നേട്ടങ്ങള്‍ മലപ്പുറത്തിന് സമ്മാനിച്ചെങ്കിലും പ്രശ്നങ്ങള്‍ നിരവധിയാണ്. മലപ്പുറം ജില്ല അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ചരിത്രപ്രധാനമായ ഈ പ്രദേശത്തിന്‍റെ ഭൂതവും വര്‍ത്തമാനവുമായി മീഡിയവണ്‍ പരമ്പര ഇന്ന് മുതല്‍ കാണാം.

Similar Posts