< Back
Kerala
കോണ്‍ഗ്രസുമായുള്ള സഹകരണം: തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വിട്ട്  ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി
Kerala

കോണ്‍ഗ്രസുമായുള്ള സഹകരണം: തീരുമാനം കേന്ദ്രകമ്മിറ്റിക്ക് വിട്ട് ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി

Web Desk
|
1 Feb 2019 10:14 PM IST

വടകര മണ്ഡലത്തിലുള്‍പ്പടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ആര്‍.എം.പി.ഐയില്‍ ശക്തമായിരുന്നു

പ്രത്യേക ദേശീയ സാഹചര്യം പരിഗണിച്ച് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യം കേന്ദ്രകമ്മറ്റിക്ക് വിടാന്‍ ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. കൂടുതല്‍ മണ്ഡലങ്ങളില്‍ മത്സരിക്കാതെ തെരഞ്ഞെടുത്ത മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനും സംസ്ഥാന കമ്മറ്റിയില്‍ ധാരണയായി.

വടകര മണ്ഡലത്തിലുള്‍പ്പടെ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്ന ആവശ്യം ആര്‍.എം.പി.ഐയില്‍ ശക്തമായിരുന്നു. വടകരയില്‍ ആര്‍.എം.പി.ഐയുടെ സഹായം അനിവാര്യമാണെന്ന നിഗമനത്തിലാണ് യു.ഡി.എഫും. ആര്‍.എം.പി.ഐയുടെ പിന്തുണ തേടുന്നതിനായി കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ തന്നെ ശ്രമവും നടക്കുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണക്കണമെന്ന കാര്യം കേന്ദ്രകമ്മറ്റിക്ക് ശേഷം മാത്രമെ തീരുമാനിക്കൂ എന്നാണ് നേതാക്കള്‍ പറയുന്നത്. ഈ മാസം 19, 20 തീയ്യതികളിലായി നടക്കുന്ന കേന്ദ്രകമ്മറ്റിയില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവും.

ആര്‍.എം.പി. ഉള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ആര്‍.എം.പി.ഐ ആയതിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് ദോഷം ചെയ്യുമെന്ന ആഭിപ്രായവും പാര്‍ട്ടിയിലുണ്ട്. വടകര മണ്ഡലത്തില്‍ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നിര്‍ണായക ശക്തിയാവാന്‍ ആര്‍.എം.പി ക്ക് കഴിഞ്ഞിരുന്നു. ആര്‍.എം.പി.ഐയുടെ സഹകരണം തേടാനാവുന്നത് യു.ഡി.എഫിന് മണ്ഡലത്തില്‍ നേട്ടമാവും.

Similar Posts