< Back
Kerala
ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരിയെ വിട്ടുകിട്ടാൻ ഇന്റർപോളിന് കത്തയച്ചു
Kerala

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ്: രവി പൂജാരിയെ വിട്ടുകിട്ടാൻ ഇന്റർപോളിന് കത്തയച്ചു

Web Desk
|
3 Feb 2019 2:39 PM IST

വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇൻറർപോളിനെ സമീപിച്ചു.

വിദേശത്ത് അറസ്റ്റിലായെന്ന് സൂചനയുള്ള മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ഇൻറർപോളിനെ സമീപിച്ചു. ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ പ്രതിയാണെന്നും, തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്.

കൊച്ചിയിൽ നടി ലീന പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലർ അക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് രവി പൂജാരി. വെടിവയ്പിന്റെ മുഖ്യ സൂത്രധാരൻ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളിയായ രവി പൂജാരി തന്നെയാണെന്നാണ് പോലിസിന്റെ കണ്ടെത്തൽ. ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിയുതിർത്ത് മടങ്ങുമ്പോൾ രവി പൂജാരിയുടെ പേരെഴുതിയ കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു.

25 കോടി ആവശ്യപ്പെട്ട് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പൂജാരി ഫോണിൽ ബന്ധപ്പെട്ടതായി നടി ലീന മരിയ മൊഴിയും നൽകി. റെക്കോർഡ് ചെയ്‌ത ഫോൺ സംഭാഷണം പരിശോധിച്ച് ശബ്ദം പൂജാരിയുടേതെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്നാണ് രവി പൂജാരിയുടെ ബന്ധം പോലിസ് ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ഗുജറാത്തിലുണ്ടായിരുന്ന മറ്റൊരു കേസിൽ വിദേശത്ത് ഇയാൾ അറസ്റ്റിലായെന്നാണ് വിവരം. തുടർന്നാണ് ഇയാളെ കൊച്ചിയിൽ എത്തിച്ച് ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്.

രവി പൂജാരിയെ ഇന്ത്യയിലേക്ക് എത്തിക്കാൻ ചാരസംഘടനയായ റോയും ഇന്റലിജൻസ് ബ്യൂറോയും ശ്രമം തുടരുമ്പോഴാണ് കൊച്ചി പോലീസും ഇടപെടുന്നത്. വെടിവെയ്പ് കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സി.ബി.ഐ മുഖേന ഇന്റർപോളിന് കത്തയച്ചത് ആദ്യപടിയാണ്. കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ തുടങ്ങി പല നാടുകളിലായി 70ലേറെ കേസുകൾ പൂജാരിയുടെ പേരിലുണ്ട്.

Similar Posts