
യോഗി ആദിത്യനാഥുൾപ്പടെയുള്ളവര്‍ കേരളത്തിലേക്ക്; ശബരിമല യുവതി പ്രവേശനം വോട്ടാക്കാനുറച്ച് ബി.ജെ.പി
|മാസ പൂജക്കായി നടതുറക്കുന്ന ഈ മാസം പതിമൂന്നിന് ജല്ലാ കേന്ദ്രങ്ങളിൽ ഉപവാസം നടത്താനാണ് ബി.ജെ.പി തീരുമാനം.
ശബരിമല യുവതി പ്രവേശനം വോട്ടാക്കാനുറച്ച് ബി.ജെ.പി. ദേശീയ നേതാക്കളെ രംഗത്തിറക്കി പൊതു തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുൾപ്പടെയുള്ളവര്‍ വരും ദിവസങ്ങളിൽ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങും. ശബരിമല ആചാരസംരക്ഷണമുയർത്തി സമരം തുടരാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
ശബരിമല പ്രശ്നത്തിൽ നടത്തിയ സമരങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളിൽ പെട്ട സംഘടനാ ശക്തി തിരിച്ചു പിടിക്കാനാണ് സമരം വീണ്ടും സജീവമാക്കുന്നത്. മാസ പൂജക്കായി നടതുറക്കുന്ന ഈ മാസം പതിമൂന്നിന് ജല്ലാ കേന്ദ്രങ്ങളിൽ ഉപവാസം നടത്താനാണ് ബി.ജെ.പി തീരുമാനം. തൊട്ടടുത്ത ദിവസമാണ് യു.പി മുഖ്യമന്ത്രി എത്തുന്നത്. യോഗി ആദിത്യനാഥിന്റെ പരിപാടി പത്തനം തിട്ടയിൽ തന്നെ വക്കുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.
നാല് ലോക്സഭാ മണ്ഡലങ്ങളെ ഒരു ക്ലസ്റ്ററാക്കി തിരിച്ചാണ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നത്. ഇത്തരം ക്ലസ്റ്റർ സമ്മേളനങ്ങളിൽ ബി.ജെ.പി ദേശീയ നേതാക്കളും കേന്ദ്ര മന്ത്രിമാരുമായ നിർമലാ സീതാരാമൻ, രവിശങ്കർ പ്രസാദ്, തുടങ്ങിയ നേതാക്കൾ ആദ്യഘട്ടത്തിൽ സംബന്ധിക്കും. ബി.ജെ.പി സംസ്ഥാന നേതാക്കളെ മത്സര രംഗത്ത് നിന്ന് മാറ്റി പൊതുമുഖങ്ങളെ രംഗത്തിറക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് ഇത്തരം യോഗങ്ങളിൽ അഭിപ്രായങ്ങൾ തേടാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. ശബരിമല പ്രശ്നങ്ങളിലുള്ള ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് പൊതു മുഖങ്ങളെ കൂടുതലായി ആലോചിക്കുന്നത്.