< Back
Kerala
ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ നഷ്ടപരിഹാരത്തുക വർധിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി 
Kerala

ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ നഷ്ടപരിഹാരത്തുക വർധിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി 

Web Desk
|
7 Feb 2019 2:36 PM IST

നേരത്തെ സ്ഥലം ഏറ്റെടുത്തവരില്‍ നിന്നും വീണ്ടും സ്ഥലമേറ്റെടുക്കുമ്പോൾ പ്രത്യേക പരിഗണന നൽകണമെന്നും കട നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.

ദേശീയപാത സ്ഥലമേറ്റെടുപ്പിന്റെ നഷ്ടപരിഹാരത്തുക വർധിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ സ്ഥലം ഏറ്റെടുത്തവരില്‍ നിന്നും വീണ്ടും സ്ഥലമേറ്റെടുക്കുമ്പോൾ പ്രത്യേക പരിഗണന നൽകണമെന്നും കട നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ് നൽകണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകുന്നതിലെ അവ്യക്തതകൾ വി.ഡി സതീശനാണ് നിയമസഭയുടെ മുന്നിലെത്തിച്ചത്. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം സംബന്ധിച്ച് 2017ല്‍ സംസ്ഥാന സർക്കാർ ഇറക്കിയ പാക്കേജ് ഉദ്യോഗസ്ഥർ പാലിക്കുന്നില്ല. സ്ഥലമേറ്റെടുക്കുമ്പോൾ റോഡിന്റെ ഇരുവശങ്ങളിലും ഒരേ രീതിയിലല്ല ഏറ്റെടുക്കുന്നത്, ജംഗ്ഷനുകളിൽ അമിതമായ രീതിയിൽ സ്ഥലം ഏറ്റെടുക്കുന്നു, ഇത്തരം പ്രശ്നങ്ങൾ കാരണം ചില തൽപരകക്ഷികൾക്ക് മുതലെടുപ്പിനുള്ള അവസരം ലഭിക്കുന്നു ഇതായിരുന്നു വി.ഡി സതീശന്റെ ആരോപണം.

നേരത്തെ റോഡ് വികസനത്തിന് സ്ഥലം വിട്ടുനൽകിയവരിൽ നിന്ന് വീണ്ടും സ്ഥലമേറ്റെടുക്കുമ്പോൾ പ്രത്യേക പരിഗണന നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു. വലിയ നഷ്ടപരിഹാരം സംസ്ഥാനത്ത് നൽകേണ്ടി വരുന്നു എന്നതാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രം ഉന്നയിക്കുന്ന പ്രധാന പ്രശ്നമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാഹചര്യം അനുസരിച്ചുള്ള നഷ്ടപരിഹാരത്തുക നൽകാൻ കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല. ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും.

ഒരുതവണ സ്ഥലം വിട്ടു നൽകിയവർക്കും കട നഷ്ടപ്പെടുന്നവർക്കും പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെടും. 2017ലെ നഷ്ടപരിഹാര പാക്കേജ് ദേശീയപാത അതോറിറ്റി അംഗീകരിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും അറിയിച്ചു. നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് സർക്കാർ ഉറപ്പു നൽകിയ സാഹചര്യത്തിൽ പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഒഴിവാക്കി.

Related Tags :
Similar Posts