< Back
Kerala
പ്രളയത്തിന് ശേഷം പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധ്രുവീകരണമെന്ന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍
Kerala

പ്രളയത്തിന് ശേഷം പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ധ്രുവീകരണമെന്ന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍

Web Desk
|
10 Feb 2019 9:22 PM IST

124ആം മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ.ജോസഫ് മാര്‍ത്തോമ്മ

പ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ ധ്രുവീകരണം പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന് മാര്‍ത്തോമ്മാസഭ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ. സമൂഹത്തില്‍ വിഭാഗീയത പടര്‍ന്നുപിടിച്ചിരിക്കുകയാണ്. 124ആം മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമാണ് ഇത്തവണത്തെ പ്രളയമെന്ന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞു. മുന്‍കൂട്ടി കാര്യങ്ങള്‍ ചെയ്യാതെ ഡാമുകള്‍ തുറന്നുവിടുകയായിരുന്നു. പ്രളയ സമയത്ത് മാനവികതയുടെ ഐക്യമാണ് കണ്ടത്. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ധ്രുവീകരണം മാനവികതയുടെ നന്മയ്ക്കാണോ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാണോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കണ്‍വന്‍ഷനിലെ എല്ലാ യോഗങ്ങളിലും പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കിയത് നവോത്ഥാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഡോ.യൂയാക്കിം മാര്‍ കുറീലോസ് പറഞ്ഞു. സഭയുടെ പ്രാര്‍ഥനാ സംഘത്തിന്റെ ഗാന ശുശ്രൂഷയോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. യോര്‍ക്കിലെ ആര്‍ച്ച് ബിഷപ്പ് ജോണ്‍ ടക്കര്‍ മുഗാബെ സെന്റാമു മുഖ്യാതിഥി ആയിരുന്നു. കേന്ദ്രമന്ത്രി അള്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, എം.പിമാർ, എം,എൽ,എമാർ, വിവിധ സഭാ അധ്യക്ഷന്മാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കണ്‍വന്‍ഷന്‍ ഫെബ്രുവരി 17ന് സമാപിക്കും.

Related Tags :
Similar Posts