< Back
Kerala
വടകരയില്‍ അടവ് മാറ്റാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം ആര്‍.എം.പിയുടെ പരസ്യ പിന്തുണ
Kerala

വടകരയില്‍ അടവ് മാറ്റാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം ആര്‍.എം.പിയുടെ പരസ്യ പിന്തുണ

Web Desk
|
14 Feb 2019 7:10 PM IST

ഇതേതുടര്‍ന്ന് കെ.കെ രമയെ പൊതു സ്വതന്ത്രയായി മത്സരിപ്പിക്കാന്‍...

ആര്‍.എം.പിയെ ഒപ്പം നിര്‍ത്തി വടകര നിലനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്. പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കെ.കെ രമയോട് കോണ്‍ഗ്രസിലെ ഭൂരിഭാഗത്തിനും താത്പര്യമുണ്ടങ്കിലും ആര്‍.എം.പി നിലപാട് വ്യക്തമാക്കിയിട്ടില്ല.

ഇത്തവണ മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വടകര എം.പി മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഹൈക്കമാന്റും എത്തി. അടുത്ത സ്ഥാനാര്‍ത്ഥി ആരെന്ന ചര്‍ച്ച നേരത്തെ തന്നെ കോണ്‍ഗ്രസില്‍ തുടങ്ങിയിരുന്നെങ്കിലും കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തില്‍ എത്തി നിന്നു അത്. പക്ഷെ മത്സരിക്കാനില്ലെന്ന നിലപാട് അഭിജിത്ത് കെ.പി.സി.സിയെ അറിയിച്ചു.

ഇതിനിടയില്‍ മുല്ലപ്പള്ളി ഇല്ലെങ്കില്‍ മണ്ഡലം കൈവിടുമെന്ന ആശങ്കയും നേതൃതലത്തില്‍ ഉണ്ടായി. അങ്ങനെയാണ് പൊതു സ്വതന്ത്രനെന്ന ചര്‍ച്ചയില്‍ ഇപ്പോഴെത്തി നില്‍ക്കുന്നത്. ആര്‍.എം.പിക്ക് കൂടി സ്വീകാര്യനായ ഒരാളെ നിര്‍ത്തി അവരുടെ പരസ്യ പിന്തുണ ഉറപ്പാക്കുക കൂടിയാണ് ലക്ഷ്യം.

രണ്ട് ആളുകളുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ചെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ല. ഇതേതുടര്‍ന്ന് കെ.കെ രമയെ പൊതു സ്വതന്ത്രയായി മത്സരിപ്പിക്കാന്‍ കഴിയുമോയെന്ന് കോണ്‍ഗ്രസ് നോക്കുന്നുണ്ട്. എന്നാല്‍ രമ മനസ്സ് തുറന്നിട്ടില്ല. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാന്‍ ഇരുപതാം തീയതി ആര്‍.എം.പിയുടെ നിര്‍ണായക യോഗവും ചേരുന്നുണ്ട്.

Similar Posts