< Back
Kerala
കിനാലൂര്‍ എസ്‌റ്റേറ്റ് ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവ്
Kerala

കിനാലൂര്‍ എസ്‌റ്റേറ്റ് ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവ്

Web Desk
|
8 March 2019 10:17 AM IST

കിനാലൂര്‍ എസ്‌റ്റേറ്റ് ഭൂമി നിയമവിരുദ്ധമായി മുറിച്ചുവില്‍പന നടത്തിയത് ചോദ്യം ചെയ്യുന്ന ഹരജികളിലാണ് ഉത്തരവ്.

കോഴിക്കോട്ടെ കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവ്. കൊയിലാണ്ടി താലൂക്ക് ലാന്റ് ബോര്‍ഡിനാണ് കോടതി നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം ലംഘിക്കപ്പെട്ടെന്നും ഉത്തരവില്‍ പറയുന്നു.

കിനാലൂര്‍ എസ്റ്റേറ്റ് ഭൂമി നിയമവിരുദ്ധമായി മുറിച്ചുവില്‍പ്പന നടത്തിയത് ചോദ്യം ചെയ്തുള്ള ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ പുനരാരംഭിക്കാൻ കൊയിലാണ്ടി താലൂക്ക് ലാൻഡ് ബോർഡിന് ഹൈക്കോടതി നിർദേശം നല്‍കി. കേരള ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായതും ലക്ഷ്യം പരാജയപ്പെടുത്തുന്നതുമായ നടപടിയാണ് കിനാലൂർ എസ്റ്റേറ്റ് ഭൂമിയുടെ മുറിച്ചുവിൽപനയെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിൽപന നടത്തിയ ഭൂമിയുടെ വിലയാധാരം രജിസ്റ്റർ ചെയ്യാൻ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നൽകിയ സർക്കാർ നടപടി റദ്ദാക്കണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല. സർക്കാരിന്‍റെ നയപരമായ തീരുമാനമാണെന്നതിനാൽ റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

കിനാലൂർ എസ്റ്റേറ്റ് നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് കമ്പനി ഉൽപാദനം നിർത്തിയ സാഹചര്യത്തിൽ തൊഴിലാളികൾ സമരത്തിനിറങ്ങിയതിനെ തുടർന്നാണ് നഷ്ടപരിഹാരത്തിനായി കമ്പനി എസ്റ്റേറ്റ് ഭൂമി മുറിച്ചു വിൽക്കാൻ തയാറായത്. വിലയാധാരം നടത്തുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നൽകണമെന്ന് തൊഴിലാളികൾ മുറവിളി കൂട്ടിയതിനാലാണ് ഇത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയതെന്നാണ് സർക്കാരിന്‍റെ വാദം. എന്നാൽ സ്റ്റാമ്പ് ഡ്യൂട്ടി ഇളവു നൽകിയത് അഴിമതിയാണെന്നായിരുന്നു ഹരജിക്കാരുടെ ആരോപണം. തൊഴിലാളികളുടെ മുറവിളിയിൽ സർക്കാരും രാഷ്ട്രീയ നേതൃത്വവും ഇടപെടുകയായിരുന്നെന്നും പൊതുനന്മയും പൊതുനയവും കണക്കിലെടുത്താണ് ഇളവ് നൽകിയതെന്നുമാണ് സർക്കാരിന്‍റെ വിശദീകരണം.

Similar Posts