< Back
Kerala
കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയം കുഴഞ്ഞ് മറിയുന്നു 
Kerala

കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയം കുഴഞ്ഞ് മറിയുന്നു 

Web Desk
|
17 March 2019 8:04 PM IST

പത്തനംതിട്ട ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് എം.ടി. രമേശ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.

കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി നിർണ്ണയം കുഴഞ്ഞ് മറിയുന്നു. പത്തനംതിട്ട ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് എം.ടി. രമേശ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്ക് തൃശൂരിന് പകരം മറ്റൊരു സീറ്റ് നൽകാനുള്ള ചർച്ചകളും എങ്ങുമെത്തിയിട്ടില്ല.

എം.ടി രമേശിന് പത്തനംതിട്ട മണ്ഡലവും ശോഭാ സുരേന്ദ്രന് പാലക്കാട് മണ്ഡലവും നൽകാനാകില്ലന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. ഈ സാഹചര്യത്തിൽ മറ്റു മണ്ഡലങ്ങൾ മത്സരിക്കുന്നതിന് പകരം സംഘടനാ ചുമതലയിലേക്ക് മാറാം എന്ന് എം.ടി രമേശ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലിൽ പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടക്കായുള്ള പിടിവലിക്കൊടുവിൽ സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് കഴിഞ്ഞു.

ഈ സാഹര്യത്തിൽ പട്ടികയിൽ ചില നീക്ക് പോക്കുകൾ അനിവാര്യം ആയതോടെ ഘടക കക്ഷിയായ ബി.ഡി.ജെ.എസുമായി ബി.ജെ.പി ദേശീയ നേതൃത്വം ചർച്ച തുടരുകയാണ്. പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന ബി.ജെ.പി സംസ്ഥാന ജനൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ മണ്ഡലവും ഇതുവരെ തീരുമാനം ആയിട്ടില്ല. ബി.ഡി.ജെ.എസിന് നൽകിയ തൃശ്ശൂർ മണ്ഡലം ആണ് കെ സുരേന്ദ്രന് വേണ്ടി ബി.ജെ.പി പരിഗണിക്കുന്നത്. തൃശ്ശൂർ ബി.ഡി.ജെ.എസ് വിട്ട് നൽകിയാൽ പകരം ഏത് മണ്ഡലം നൽകണം, അതോടൊപ്പം തുഷാർ വെള്ളാപ്പള്ളി എവിടെ മത്സരിക്കണം എന്ന കാര്യത്തിലും തീരുമാനം ആവേണ്ടതുണ്ട്.

കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും എറണാംകുളത്തേക്കാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. പത്തനംതിട്ട ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന് അൽഫോൻസ് കണ്ണന്താനവും നേരത്തെ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.പാലക്കാട് സി കൃഷ്ണകുമാർ ആകും സ്ഥാനാര്‍ത്ഥി. സംസ്ഥാന ഘടകം ഒടുവിൽ മുന്നോട്ട് വെച്ച പട്ടികയിൽ ടോം വടക്കനെ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്ര നേതൃത്വം ചർച്ച തുടരുന്നത്. ചാലക്കുടിയിലാണ് വടക്കനെ പരിഗണിക്കുന്നത്.

Similar Posts