< Back
Kerala
വഖഫ് ഭൂമി തട്ടിയെടുക്കാന്‍ വ്യാജ രേഖ; ഒരു ലക്ഷം രൂപ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ് 
Kerala

വഖഫ് ഭൂമി തട്ടിയെടുക്കാന്‍ വ്യാജ രേഖ; ഒരു ലക്ഷം രൂപ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ് 

Web Desk
|
26 March 2019 8:48 AM IST

വഖഫ് ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ച് ഹൈകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ഹരജിക്കാരനോട് ഒരു ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവ്.

വഖഫ് ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ച് ഹൈകോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ഹരജിക്കാരനോട് ഒരു ലക്ഷം രൂപ പിഴയടക്കാന്‍ ഉത്തരവ്. പറപ്പൂർ പുത്തൻപറമ്പ് ജുമാ മസ്ജിദിന്റെ പേരിലുള്ള സ്വകാര്യ വഖഫ് ഭൂമി കൂടി ഉൾപ്പെടുന്ന സ്ഥലം തട്ടിയെടുക്കാൻ കരമടച്ച രസീതിന്റെ വ്യാജ പതിപ്പുണ്ടാക്കിയ പറപ്പൂർ സ്വദേശി സിദ്ധീഖിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.

സ്വന്തം പേരിലുള്ള അഞ്ച് സെന്റ് സ്ഥലത്തിന് പകരം ഒന്നേകാല്‍ ഏക്കർ സ്ഥലത്തിന്റെ കരമടക്കാനുള്ള അനുമതിയാണ് വ്യാജ രേഖ സമർപ്പിച്ച് ഹരജിക്കാരൻ കൈക്കലാക്കിയത്. റവന്യൂ രേഖകളിൽ നിന്ന് ഹരജിക്കാരന്‍ തട്ടിപ്പ് കാണിച്ചെന്ന് ബോധ്യപ്പെട്ടതായി സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്‍റെ മുൻ ഉത്തരവ് റദ്ദാക്കി പിഴ ഒടുക്കാൻ നിര്‍ദേശിച്ചത്.

മുഹമ്മദ് മുസ്ലിയാർ എന്നയാൾ പള്ളിക്ക് സ്വകാര്യ വഖഫ് ചെയ്ത് നൽകിയ ഭൂമിയോട് ചേർന്നാണ് ഹരജിക്കാരന്‍ കരമടച്ച് വരുന്ന അഞ്ച് സെന്റ് സ്ഥലമുള്ളത്. അഞ്ച് സെന്റ് സ്ഥലത്തിന് എട്ട് രൂപ കരമടച്ച രസീതാണ് ഹരജിക്കാരന്റെ കൈവശമുണ്ടായിരുന്നത്. ഇതിൽ സംഖ്യയും സ്ഥലത്തിന്റെ വിസ്തൃതിയും 88 രൂപ, 1.25 ഏക്കർ എന്ന രീതിയിൽ തിരുത്തിയാണ് വ്യാജ രേഖയുണ്ടാക്കിയത്. ഈ രേഖ ഉപയോഗിച്ച് ഒന്നേകാൽ ഏക്കറിന്റെ ഭൂ നികുതി അടക്കാൻ ശ്രമിച്ചെങ്കിലും റവന്യൂ അധികൃതർ അനുവദിച്ചില്ല.

ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. തന്റെ കൈവശമുള്ള ഭൂമിയാണ് ഇതെന്ന് തെളിയിക്കാൻ കോടതിയില്‍ ഹാജരാക്കിയത് ഈ വ്യാജ രേഖയാണ്. കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് യഥാർഥ റവന്യൂ രേഖകളിൽ അഞ്ച് സെന്റ് ഭൂമി മാത്രമാണ് ഇയാളുടെ പേരിലുള്ളതെന്ന് ബോധ്യപ്പെട്ടത്. കരമടച്ച രസീത് മാത്രമല്ല, 1.25 ഏക്കർ ഭൂമിയുടെ ആധാരവും വ്യാജമായി ഉണ്ടാക്കിയതായി കണ്ടെത്തി. തുടർന്നാണ് കോടതി പിഴയടക്കാന്‍ ഉത്തരവ്.

Similar Posts