Kerala
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളയെ വിമര്‍ശിച്ച് പി ജയരാജന്‍
Kerala

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പി.കെ ശ്യാമളയെ വിമര്‍ശിച്ച് പി ജയരാജന്‍

Web Desk
|
23 Jun 2019 7:06 AM IST

അധ്യക്ഷ എന്ന നിലയിൽ ഉദ്യോഗസ്ഥരെ തിരുത്താൻ കഴിഞ്ഞില്ല. സാജന്‍റെ കെട്ടിടത്തിന് അതിവേഗം അനുമതി നല്‍കുന്ന കാര്യത്തില്‍ വീഴ്ച പറ്റിയെന്ന് ശ്യാമള പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് പി ജയരാജന്‍

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് തുറന്ന് സമ്മതിച്ച് സി.പി.എം. വീഴ്ച പറ്റിയെന്ന ശ്യാമളയുടെ വിശദീകരണം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് പി ജയരാജന്‍ പറഞ്ഞു.

ആന്തൂരിലെ പാര്‍ട്ടി വിശദീകരണ യോഗത്തിലാണ് ജയരാജന്‍ ഇക്കാര്യം പറഞ്ഞത്. ശ്യാമള രാജി സന്നദ്ധത അറിയിച്ചെന്ന് ജില്ലാ സെക്രട്ടറി എം.വി ജയരാജനും പറഞ്ഞു. അസാധാരണമാംവിധം പാര്‍ട്ടി സെക്രട്ടറിയേറ്റിലുണ്ടായ ചര്‍ച്ചകളും തീരുമാനങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ട് നിരത്തിയായിരുന്നു ആന്തൂര്‍ വിഷയത്തില്‍ സി.പി.എമ്മിന്റെ വിശദീകരണ യോഗം.

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളില്‍ പി.കെ ശ്യാമളക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടന്ന് പി.ജയരാജന്‍ പറഞ്ഞു. ഇത് ശ്യാമള സെക്രട്ടറിയേറ്റിനു മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ ശ്യാമള രാജി സന്നദ്ധത അറിയിച്ചതായി ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു.

ശ്യാമളക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് നേതാക്കളുടെ വാക്കുകളില്‍ പ്രകടമായത്. 29ന് ചേരുന്ന ജില്ലാ കമ്മറ്റിയിലാവും അന്തിമ തീരുമാനമുണ്ടാകുക. ഇതിനിടെ സാജന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് നാര്‍ക്കോട്ടിക് ഡി.വൈ.എസ്.പി വി.എ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Similar Posts