
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം; അദാനി പോര്‍ട്സില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങും
|കരാർ കാലാവധിക്കകം വിഴിഞ്ഞം തുറമുഖം നിർമ്മാണം പൂർത്തിയാക്കാത്ത അദാനി പോർട്ട്സിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് വിഴിഞ്ഞം എം.ഡി ഡോക്ടർ ജയകുമാർ.
കരാർ കാലാവധിക്കകം വിഴിഞ്ഞം തുറമുഖം നിർമ്മാണം പൂർത്തിയാക്കാത്ത അദാനി പോർട്ട്സിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് വിഴിഞ്ഞം എം.ഡി ഡോക്ടർ ജയകുമാർ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് അയച്ചു. പാറയുടെ ലഭ്യത ഉറപ്പു വരുത്തി എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കണമെന്ന് പദ്ധതി പ്രദേശ സന്ദര്‍ശിച്ച നിയമസഭാ സമിതിയും ആവശ്യപ്പെട്ടു.
ക്വാറിക്കുള്ള അനുമതി സര്‍ക്കാര്‍ ലഭ്യമാക്കാത്തതിനാല്‍ പാറയുടെ ലഭ്യതക്കുറവുണ്ടായി, ഇതാണ് തുറമുഖ നിര്‍മാണം വൈകിയതിന് കാരണം, നിയമസഭാ സമിതിക്ക് മുന്നില്‍ അദാനി പോര്‍ട്സ് അധികൃതര്‍ അവതരിപ്പിച്ച ഈ വിശദീകരണം പക്ഷേ സമിതി അധ്യക്ഷന്‍ സി ദിവാകരന്‍ തള്ളി.
മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ തടസങ്ങള്‍ നീക്കി നിര്‍മാണം പൂര്‍ത്തിയാക്കണം, കാലാവധി കഴിഞ്ഞതിനാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ നടപടിയെടുക്കുമെന്ന് വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി യും വ്യക്തമാക്കി. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും സി ദിവാകരന്‍ അധ്യക്ഷനായ നിയമസഭാ സമിതി വിലയിരുത്തി. അഡ്വക്കേറ്റ് എം ഉമ്മർ, സണ്ണി ജോസഫ്, കെ രാജേന്ദ്രൻ എം.വിന്‍സെന്റ് എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.