
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലം അല്ല; വിദഗ്ധ സമിതി റിപ്പോര്‍ട്ട് തള്ളി ഫോറൻസിക് റിപ്പോർട്ട്
|തീപിടിത്തമുണ്ടായ മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ നശിച്ചിരുന്നു. എന്നാല്‍, മുറിയില്‍ സൂക്ഷിച്ച സാനിറ്റൈസർ കത്തിയിരുന്നില്ല
സെക്രട്ടറിയേറ്റിലെ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലം അല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. റിപ്പോര്‍ട്ട് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ചു. കഴിഞ്ഞ ആഗസ്റ്റ് 25നാണ് സെക്രട്ടറിയേറ്റില്‍ തീപ്പിടിത്തമുണ്ടായത്. സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
തീപിടിത്തത്തിൽ 25ഓളം ഫയലുകൾ ഭാഗികമായി കത്തി എന്നാണ് സർക്കാർ നിയോഗിച്ച ദുരന്തനിവാരണ കമീഷണർ ഡോ.എ. കൗശിഗന്റെ നേതൃത്വത്തിലെ നാലംഗസമിതി നടത്തിയ തെളിവെടുപ്പിൽ വ്യക്തമാക്കിയിരുന്നത്. ഇത് തള്ളുന്നതാണ് പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട്.
45 ഇനങ്ങളാണ് പരിശോധനക്കായി അയച്ചതെന്ന് അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിൽ വയറുകളുടെ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. ഇനി കത്തിയ ഫാൻ ഉൾപ്പെടെ 43 ഇനങ്ങളുടെ റിപ്പോർട്ട് വരാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തീപിടിത്തമുണ്ടായ മുറിയിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് എന്നിവ നശിച്ചിരുന്നു. എന്നാല്‍, മുറിയില്‍ സൂക്ഷിച്ച സാനിറ്റൈസർ കത്തിയിരുന്നില്ല. മുറിയിലെ ഫയര്‍ എക്‌സ്റ്റിഗ്യൂഷര്‍ സംവിധാനവും സംഘം പരിശോധിച്ചു. ഇതിനെല്ലാം ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം, തീപിടിത്തം എങ്ങനെ സംഭവിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നില്ലെന്നാണ് വിവരം. റിപ്പോര്‍ട്ട് ഡി.ജി.പിക്കാണ് ആദ്യം സമര്‍പ്പിച്ചത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണ സംഘം കേസ് ഡയറിക്കൊപ്പം റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.