< Back
Kerala
ആർഎസ്എസിന്റെ വോട്ടു വേണ്ടെന്നാണ് ഇ.എം.എസ് പ്രസംഗിച്ചത്, അതേ നിലപാടാണ് ഇപ്പോഴും സിപിഎമ്മിന്: കോടിയേരി ബാലകൃഷ്ണൻ
Kerala

'ആർഎസ്എസിന്റെ വോട്ടു വേണ്ടെന്നാണ് ഇ.എം.എസ് പ്രസംഗിച്ചത്, അതേ നിലപാടാണ് ഇപ്പോഴും സിപിഎമ്മിന്': കോടിയേരി ബാലകൃഷ്ണൻ

Web Desk
|
21 March 2021 11:16 AM IST

"ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടിയാണ് സിപിഎം"

സിപിഎമ്മിന് ആർഎസ്എസിന്റെ വോട്ടു വേണ്ടെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ആർഎസ്എസുമായി ചേർന്ന് ഒരു സീറ്റും കേരളത്തിൽ ജയിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

'1979ൽ തലശ്ശേരിയിൽ അടക്കം നാലു മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ആർഎസ്എസിന്റെ വോട്ടു ഞങ്ങൾക്ക് വേണ്ട എന്നാണ് ഇ.എം.എസ് പ്രസംഗിച്ചത്. അതേ നിലപാടാണ് സിപിഎമ്മിന് ഇപ്പോഴുമുള്ളത്. ആർഎസ്എസുമായി ചേർന്ന് ഞങ്ങൾക്ക് ഒരു സീറ്റു പോലും കേരളത്തിൽ ജയിക്കേണ്ടതില്ല' - ബിജെപി-സിപിഎം ധാരണയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കോടിയേരി മറുപടി നൽകി.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കുന്ന പാർട്ടിയാണ് സിപിഎം. ഇത് രഹസ്യമായി എടുത്തതല്ല. പാർട്ടി കോൺഗ്രസ് ചർച്ച ചെയ്‌തെടുത്ത തീരുമാനമാണ്. സിപിഎമ്മിന് ഒരിക്കലും ആർഎസ്എസുമായി രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും യോജിക്കാൻ സാധ്യമല്ല- കോടിയേരി വ്യക്തമാക്കി.

ജനസംഘവുമായി ഉണ്ടാക്കിയ രാഷ്ട്രീയ ധാരണ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഉപേക്ഷിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 'അവരുമായി ഞങ്ങൾ സഹകരിച്ചത് അടിയന്തരാവസ്ഥ പോകാനാണ്. അടിയന്തരാവസ്ഥ മാറിയപ്പോൾ സിപിഎം നിലപാട് മാറ്റി. ആർഎസ്എസ് ഉൾക്കൊള്ളുന്ന പാർട്ടിയുമായി ബന്ധം വിച്ഛേദിക്കണമെന്ന നിലപാട് സ്വീകരിച്ചു- അദ്ദേഹം പറഞ്ഞു.

തുടർഭരണമാണ് എൽഡിഎഫിന്റെ മുദ്രാവാക്യം. സിപിഎം വ്യക്തി കേന്ദ്രീകൃത പാർട്ടിയല്ല. കൂട്ടായ നേതൃത്വമുള്ള പാർട്ടിയാണ്. അതിനൊരു ക്യാപ്റ്റനുണ്ടാകും. നേരത്തെ അത് വിഎസായിരുന്നു. അതിന് മുമ്പ് ഇകെ നായനാർ, ഇഎംഎസ് എന്നിവരൊക്കെയുണ്ടായിരുന്നു- കോടിയേരി ചൂണ്ടിക്കാട്ടി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts