< Back
Kerala
ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ: ചെന്നിത്തല
Kerala

ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ: ചെന്നിത്തല

Web Desk
|
23 March 2021 10:13 AM IST

മാധ്യമങ്ങളെ വിലക്ക് വാങ്ങി നിശബ്ദരാക്കുന്ന മോദിയുടെ രീതി പിണറായി പിന്തുടരുകയാണെന്നും തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങൾ പോലും മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും ചെന്നിത്തല

മാധ്യമങ്ങളുടെ നിയമസഭാ തെരഞ്ഞെടുപ്പ് സർവ്വേകളെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണയാണ് ഇപ്പോൾ പുറത്ത് വിടുന്ന മാധ്യമ സർവേകൾ. ഇവ യുക്തി സഹമാണോ എന്ന് പരിശോധിക്കണം. മാധ്യമങ്ങളെ വിലക്ക് വാങ്ങി നിശബ്ദരാക്കുന്ന മോദിയുടെ രീതി പിണറായി പിന്തുടരുകയാണെന്നും തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങൾ പോലും മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗമുണ്ട്. ജനവികാരം യു.ഡി എഫിന് അനുകൂലമാണ്. ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധി എഴുതും. മാധ്യമങ്ങളുടെ സർവ്വേകൾ ഏകപക്ഷീയമാണ്. ഭരണ വിരുദ്ധ വികാരം മറച്ച് വെക്കാൻ ശ്രമിക്കുന്നു. നിക്ഷിപ്ത താൽപര്യം മുന്നിൽ നിർത്തിയാണ് സർവ്വേ. ഭരണ മാറ്റം ആഗ്രഹിക്കുന്നവരുടെ മനസ്സ് മാറ്റുകയാണ് ലക്ഷ്യം. നടക്കുന്നത് കിഫ്ബി സർവ്വേയാണ്.

സർക്കാരിന്‍റെ പണ കൊഴുപ്പിന് പുറമെ മാധ്യമങ്ങളുടെ കല്ലേറിനെയും പ്രതിപക്ഷത്തിന് പ്രതിരോധിക്കേണ്ടി വരുന്നു. തെളിവ് സഹിതം പുറത്ത് വിടുന്ന കാര്യങ്ങൾ പോലും മാധ്യമങ്ങൾ വളച്ചൊടിക്കുന്നു. സർവ്വേകൾ യുക്തി സഹമാണോ എന്ന് പരിശോധിക്കണം. സർവ്വേകൾ തള്ളിക്കളയുന്നു. യു.ഡി എഫിന് സർവ്വേകളിൽ വിശ്വാസം ഇല്ല. സർവ്വേകളെ കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. സർവേകൾ ഉപകാര സ്മരണ. കിട്ടുന്ന പരസ്യത്തിനുള്ളതാണ് സർവേയെന്നും ചെന്നിത്തല പറഞ്ഞു.

ഏപ്രിൽ 6 നാണ് ജനങ്ങളുടെ സർവേ. ഈ സർവേയിലാണ് വിശ്വാസം. ഇതിൽ വിജയിക്കും. സിപിഎമ്മിന് അനുകൂലമായ ഉദ്യോഗസ്ഥരാണ് വ്യാപകമായി കള്ളവോട്ട് ചേർക്കുന്നത്. ഇലക്ഷൻ കമ്മീഷൻ നീതി പൂർവ്വകമായി ഇടപെട്ടു. കള്ളവോട്ടുകൾ ചെയ്ത് വിജയിക്കാനുള്ള നീക്കം തടയണം. ഒരേ വോട്ടർമാർക്ക് തൊട്ടടുത്ത പഞ്ചായത്തുകളിൽ വേറെയും വോട്ടുണ്ട്. ഈ പരാതി, തെളിവ് സഹിതം ഇന്ന് നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നീതി പൂർവ്വകമായി ഇടപെടണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts