< Back
Kerala
എസ്.ഡി.പി.ഐ മുസ്‍ലിം തീവ്രവാദ പ്രസ്ഥാനമായി മാറരുത്, വോട്ട് വേണ്ടെന്ന് പറയില്ല; പി.സി ജോര്‍ജ്
Kerala

'എസ്.ഡി.പി.ഐ മുസ്‍ലിം തീവ്രവാദ പ്രസ്ഥാനമായി മാറരുത്, വോട്ട് വേണ്ടെന്ന് പറയില്ല'; പി.സി ജോര്‍ജ്

Web Desk
|
1 April 2021 8:18 PM IST

മുസ്‍ലിം തീവ്രവാദ പ്രസ്ഥാനമായി എസ്.ഡി.പി.ഐ. മാറരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ സഹായിച്ച മാന്യന്‍മാരായ ചെറുപ്പക്കാരുള്ള സംഘടനയാണ്

പൂഞ്ഞാര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന തനിക്ക് എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സിറ്റിംഗ് എം.എല്‍.എയും ജനപക്ഷം പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ പിസി ജോര്‍ജ്. എസ്.ഡി.പി.ഐയെ തള്ളിപറയില്ലെന്നും വോട്ട് വേണ്ടെന്ന് പറയില്ലെന്നും പി.സി ജോര്‍ജ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മുസ്‍ലിം തീവ്രവാദ പ്രസ്ഥാനമായി എസ്.ഡി.പി.ഐ. മാറരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്നെ സഹായിച്ച മാന്യന്‍മാരായ ചെറുപ്പക്കാരുള്ള സംഘടനയാണ്. എസ്.ഡി.പി.ഐക്കാരെ തള്ളിപ്പറയുന്നതൊന്നും തനിക്ക് ഇഷ്ടമല്ലെന്നും അവരോട് വ്യക്തിവിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാര്‍ തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂക്കിവിളിച്ചത് വിവാദമായിരുന്നു. നാട്ടുകാരുടെ പെരുമാറ്റത്തില്‍ അരിശം കയറിയ പിസി ജോര്‍ജ് തിരിച്ച് അസഭ്യം പറഞ്ഞാണ് മടങ്ങിയത്. തന്നെ കൂവിയര്‍ എസ്.ഡി.പി.ഐക്കാരാണെന്ന് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. എന്നാല്‍ എസ്.ഡി.പി.ഐ ഈ ആരോപണങ്ങളെല്ലാം തന്നെ പിന്നീട് നിഷേധിക്കുകയുണ്ടായി.

പി.സി ജോര്‍ജിന്‍റെ വാക്കുകള്‍:

'മുസ്‍ലിം തീവ്രവാദ പ്രസ്ഥാനമായി എസ്.ഡി.പി.ഐ. മാറരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്നെ സഹായിച്ച മാന്യന്‍മാരായ ചെറുപ്പക്കാരുള്ള സംഘടനയാണ്. ആ സംഘടന എങ്ങനെ ഭീകരവാദത്തിലേക്ക് പോകുന്നു. അഭിമന്യുവിനെ കുത്തിക്കൊന്നതൊക്കെ നമുക്കറിയാം. പടച്ചവനെയോര്‍ത്ത്, നബി തിരുമേനിയെ ഓര്‍ത്ത്, പരിശുദ്ധ ഖുര്‍ആനിനെ ഓര്‍ത്ത് നിങ്ങളീ ഭീകരവാദം ഉപേക്ഷിക്കണം. ഇന്ത്യാ രാജ്യത്തിന്‍റെ ശക്തരായ വക്താക്കളാകണം നിങ്ങള്‍. ഇതാണ് എന്‍റെ അപേക്ഷ. അല്ലാതെ എസ്.ഡി.പിഐക്കാരെ തള്ളിപ്പറയുന്നതൊന്നും എനിക്ക് ഇഷ്ടമല്ല.'

'അന്നങ്ങനെ പറഞ്ഞു, അവര്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്‌തോട്ടെ. ഞാന്‍ നിര്‍ബന്ധിക്കാനില്ല. കാരണം, ആരുടെ വോട്ട് വേണ്ടെന്നും ഒരു സ്ഥാനാര്‍ഥിയും പറയില്ലല്ലോ. അപമാനിക്കപ്പെട്ടാല്‍ മറുപടി പറയണ്ടേ. ആരെങ്കിലും മുഖത്ത് നോക്കി വര്‍ത്തമാനം പറഞ്ഞാല്‍ വേണ്ടെന്ന് പറയാനുളള തന്‍റേടം കാണിക്കണ്ടേ. അതുകൊണ്ട് പറഞ്ഞതാണ്. അവരോട് ആരോടും വ്യക്തിവിരോധമില്ല.'

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts