< Back
Kerala
ഇരട്ടവോട്ട് തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
Kerala

ഇരട്ടവോട്ട് തടയാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Web Desk
|
3 April 2021 7:23 AM IST

ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു

ഇരട്ടവോട്ട് തടയാന്‍ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഇരട്ടപ്പേരുള്ളവര്‍ പെരുവിരല്‍ അടയാളം രേഖപ്പെടുത്തണം.മഷി ഉണങ്ങിയതിന് ശേഷമേ ഇരട്ടവോട്ടുള്ളവരെ ബുത്തില്‍ നിന്ന് പുറത്ത് വിടാവൂ എന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നാലരലക്ഷത്തോളം ഇരട്ടവോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ഉയരുകയും ഹൈക്കോടതി ഇക്കാര്യത്തില്‍ ഇടപെടുകയും ചെയ്തതിന് പിന്നാലെയാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.ഇരട്ട വോട്ട് ഉള്ളവരുടെ പട്ടിക എല്ലാ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കും. രണ്ട് വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ വോട്ട് ചെയ്യുമ്പോള്‍ അയാളുടെ പെരുവിരല്‍ അടയാളവും എടുക്കും.

വോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന മഷി രേഖപ്പെടുത്തിയ ശേഷം അത് ഉണങ്ങിയതിന് പിന്നാലെയേ വോട്ടര്‍ പോളിങ് ബൂത്ത് വിടാന്‍ പാടുള്ളു.ഇത്തരം വോട്ടര്‍മാരില്‍ നിന്ന് പ്രത്യേക സത്യവാങ്മൂലം വാങ്ങാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇങ്ങനെ വോട്ട് ചെയ്യാനെത്തുന്നവരെ ഫോട്ടോ എടുക്കും. കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ ഇടപെടുമെന്നാണ് കമ്മീഷന്‍റെ നിര്‍ദ്ദേശം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts