< Back
Kerala
പിണറായിയുടെ വെല്ലുവിളിക്കെതിരെ ഉമ്മന്‍ചാണ്ടി വീണ്ടും; രണ്ടാം ഭാഗത്തില്‍ ആരോപണങ്ങള്‍ക്കുള്ള മറുപടി
Kerala

പിണറായിയുടെ വെല്ലുവിളിക്കെതിരെ ഉമ്മന്‍ചാണ്ടി വീണ്ടും; രണ്ടാം ഭാഗത്തില്‍ ആരോപണങ്ങള്‍ക്കുള്ള മറുപടി

Web Desk
|
4 April 2021 12:19 PM IST

ഇരു സര്‍ക്കാരുകളുടെ വികസനം താരതമ്യം ചെയ്ത ആദ്യ ഭാഗത്തിന് ശേഷം ഇരു സര്‍ക്കാരുകള്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയും വ്യക്തിഹത്യയും നുണ പ്രചാരണവും മാറ്റിനിർത്തി നാടിന്‍റെ വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വെല്ലുവിളിയില്‍ വീണ്ടും മറുപടി നല്‍കി ഉമ്മന്‍ ചാണ്ടി. എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളുടെ വികസനം താരതമ്യം ചെയ്ത ആദ്യ ഭാഗത്തിന് ശേഷം ഇരു സര്‍ക്കാരുകള്‍ക്കെതിരെയും ഉയര്‍ന്ന ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്.

യുഡിഎഫ് സര്‍ക്കാരിനെതിരെ ഇടതുപക്ഷം സജീവമായി ഉയര്‍ത്തിയ സോളാര്‍ കേസ് ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിച്ചു അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതായും യുഡിഎഫ് മന്ത്രിസഭയുടെ അവസാന നാളുകളില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് മന്ത്രി എകെ ബാലന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി അന്വേഷിച്ചു ഒന്നും കണ്ടെത്തിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, പാറ്റൂര്‍ ഭൂമി കേസ്, ബാര്‍ കോഴക്കേസ് എന്നിവയെല്ലാം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെട്ടതായും എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വിജിലന്‍സ് കണ്ടെത്തിയതായും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിന് 1000 കോടിയുടെ ലാഭമുണ്ടാക്കുന്ന വൈദ്യുതി കരാര്‍, അമേരിക്കന്‍ കമ്പനിക്ക് 5000 കോടിയുടെ ലാഭമുണ്ടാക്കുന്ന ആഴക്കടല്‍ മത്സ്യബന്ധന കരാര്‍, ലൈഫ് മിഷന്‍ ഇടപാടില്‍ ഭവനരഹിതര്‍ക്കു നല്‍കേണ്ട കോടികള്‍ കൈമറിഞ്ഞു, ബ്രുവറി-ഡിസ്റ്റലറി ഇടപാട്, കെ ഫോണ്‍, കെ റെയില്‍ ഇടപാടുകള്‍, പമ്പാ മണല്‍കടത്ത്, വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്ക്, ആരോഗ്യഡേറ്റ അമേരിക്കന്‍ കമ്പനിക്കു വിറ്റ സ്പ്രിംഗ്ലര്‍ ഇടപാട്, കിഫ്ബി ഇടപാടുകള്‍ എന്നീ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരായ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയാണ് ഉമ്മന്‍ ചാണ്ടി മറുപടി അവസാനിപ്പിക്കുന്നത്.

ये भी पà¥�ें- 'ഇരു സര്‍ക്കാരുകളുടെയും വികസനം താരതമ്യം ചെയ്താല്‍ ഇങ്ങനെ'; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഇരു സര്‍ക്കാരുകളുടെയും കാലത്തെ ആക്ഷേപങ്ങളും പരിഗണിക്കണം.

യുഡിഎഫ്

1) യുഡിഎഫ് മന്ത്രിസഭ അവസാന നാളുകളില്‍ എടുത്ത തീരുമാനങ്ങളെക്കുറിച്ച് മന്ത്രി എകെ ബാലന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ സമിതി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.

2) സോളാര്‍ കേസ് ഇടതുസര്‍ക്കാരിന്‍റെ കാലത്ത് ക്രൈംബ്രാഞ്ച് അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് വിവാദമായ കത്തും അതിന്‍റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളും ഹൈക്കോടതി എടുത്തുകളഞ്ഞതോടെ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ അപ്രസക്തമായി.

3) വിഴിഞ്ഞം തുറമുഖ കരാറില്‍ അഴിമതിയുണ്ടെന്ന സിപിഎമ്മിന്‍റെ ആരോപണവും സി.എ.ജിയുടെ ചില പരാമര്‍ശങ്ങളും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു.

4) ടൈറ്റാനിയം കേസ്, പാമോയില്‍ കേസ്, പാറ്റൂര്‍ ഭൂമി കേസ്, ബാര്‍ കോഴക്കേസ് എന്നിവയെല്ലാം അടിസ്ഥാനരഹിതമാണെന്നു തെളിയിക്കപ്പെട്ടു. എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വിജിലന്‍സ് കണ്ടെത്തി.

എല്‍ഡിഎഫ്

1) അദാനി ഗ്രൂപ്പിന് 1000 കോടിയുടെ ലാഭമുണ്ടാക്കുന്ന വൈദ്യുതി കരാര്‍.

2) അമേരിക്കന്‍ കമ്പനിക്ക് 5000 കോടിയുടെ ലാഭമുണ്ടാക്കുന്ന ആഴക്കടല്‍ മത്സ്യബന്ധന കരാര്‍.

3) മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി. നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലടയ്ക്കപ്പെട്ടു.

4) ലൈഫ് മിഷന്‍ ഇടപാടില്‍ ഭവനരഹിതര്‍ക്കു നല്‍കേണ്ട കോടികള്‍ കൈമറിഞ്ഞു.

5) വിദേശത്തേക്ക് ഡോളര്‍ കടത്തിയതില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്ക്.

6) പമ്പാ മണല്‍കടത്ത്.

7) ബ്രുവറി- ഡിസ്റ്റലറി ഇടപാട്.

8) ട്രാന്‍സ്ഗ്രിഡ് ഇടപാട്.

9) ആരോഗ്യഡേറ്റ അമേരിക്കന്‍ കമ്പനിക്കു വിറ്റ സ്പ്രിംഗ്ലര്‍ ഇടപാട്.

10) ഇ മൊബിലിറ്റി തട്ടിപ്പ്.

11) കിഫ്ബി ഇടപാടുകള്‍.

12) ബെവ് ക്യൂ ആപ്പ്.

13) കെ ഫോണ്‍, കെ റെയില്‍ ഇടപാടുകള്‍.

കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന പൊലീസും ഈ ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിലാണ്. ഉറപ്പാണ് എല്‍ഡിഎഫ് എന്നു പറയുമ്പോള്‍ ഈ അഴിമതികളെല്ലാം തുടര്‍ന്നും ഉണ്ടാകും എന്ന ഉറപ്പും കുറ്റക്കാരെ ഏതു വിധേനയും സംരക്ഷിക്കും എന്ന ഉറപ്പുമാണുള്ളത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts