< Back
Kerala
ചതിയുണ്ടാകാതെ നോക്കണം, കൗണ്ടിങ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ജാഗ്രത പാലിക്കണം: എകെ ആന്റണി
Kerala

'ചതിയുണ്ടാകാതെ നോക്കണം, കൗണ്ടിങ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ജാഗ്രത പാലിക്കണം': എകെ ആന്റണി

Web Desk
|
6 April 2021 7:33 PM IST

തുടർ ഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം വരുമെന്നും എകെ ആന്റണി പറഞ്ഞു.

കൗണ്ടിങ് കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ജാഗ്രതയോടെ നില്‍ക്കണമെന്നും ചതിയുണ്ടാകാതെ സൂക്ഷിക്കണമെന്നും എ.കെ ആന്റണി. തുടർ ഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം വരുമെന്നും എകെ ആന്റണി പറഞ്ഞു. അസാമില്‍ വോട്ടിങ് യന്ത്രം ബി.ജെ.പി നേതാവിന്റെ കാറില്‍ നിന്ന് കണ്ടെത്തി. അവിടെ നരേന്ദ്ര മോദി ചെയ്യുന്നത് തന്നെയാണ് ഇവിടെ പിണറായിയും ചെയ്യുന്നത്. അതുകൊണ്ട് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങളില്‍ ജാഗ്രതയിലായിരിക്കണം. കൗണ്ടിങ് സ്റ്റേഷനുകളില്‍ ജാഗ്രത പുലര്‍ത്തണം- എകെ ആന്റണി പറഞ്ഞു.

ഇപ്പോള്‍ കൂടുതല്‍ വോട്ടുകള്‍ യു.ഡി.എഫിന് കിട്ടിയിട്ടുണ്ട്. യു.ഡി.എഫിന്റെ ഭരണം ഉണ്ടാകാതിരിക്കാനും കയ്യില്‍ കിട്ടിയ ഭരണം നഷ്ടപ്പെടാതിരിക്കാനും വേണ്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചതിയും അക്രമവും കാണിക്കാനിടയുണ്ടെന്നും അതിനാല്‍ ഒരു നിലക്കും ചതിയുണ്ടാകാതിരിക്കാന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പഴുതടച്ച് പ്രവര്‍ത്തിക്കണമെന്നും എ.കെ ആന്റണി പറഞ്ഞു.

അതേസമയം കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ 73.58 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതൽ പോളിങ്. കേരളം ഉറ്റുനോക്കുന്ന നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും പോളിങ് നില ഉയര്‍ന്നുതന്നെ.

Related Tags :
Similar Posts