representative imageകൈപ്പത്തിക്ക് കുത്തിയാൽ താമരക്ക് പോകുന്നുവെന്ന് ആരോപണമുയർന്ന ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു
|തെരഞ്ഞെടുപ്പ് അധികൃതരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ പരിശോധനയിൽ, വോട്ടിങ് മെഷീന് തകരാറില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോളിങ് പുനരാരംഭിച്ചത്.
കൽപറ്റ: കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ട് താമര ചിഹ്നത്തിലേക്ക് പോകുന്നുവെന്ന ആരോപണത്തെ തുടർന്ന് പോളിങ് തൽക്കാലത്തേക്ക് നിർത്തിവെച്ച കൽപറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തിൽ വോട്ടിങ് പുനരാരംഭിച്ചു. തെരഞ്ഞെടുപ്പ് അധികൃതരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും നടത്തിയ പരിശോധനയിൽ, വോട്ടിങ് മെഷീന് തകരാറില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോളിങ് പുനരാരംഭിച്ചത്.
കണിയാമ്പറ്റ പഞ്ചായത്തിലെ ബൂത്ത് 54-ൽ കൈപ്പത്തിക്ക് ചെയ്യുന്ന വോട്ടുകൾ താമരയ്ക്ക് പോകുന്നുവെന്ന ആരോപണം മൂന്ന് വോട്ടർമാരാണ് ഉന്നയിച്ചത്. ആദ്യം ആരോപണമുയർത്തിയ രണ്ട് പേർ കൈപ്പത്തി ചിഹ്നത്തിൽ ചെയ്യുന്ന വോട്ടിന് വിവിപാറ്റിൽ താമര ചിഹ്നം തെളിയുന്നുവെന്നും മൂന്നാമത്തെയാൾ ബി.എസ്.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ ആന തെളിയുന്നുവെന്നും പരാതിപ്പെട്ടു.
ഇതേത്തുടർന്ന് പോളിങ് അൽപസമയത്തേക്ക് നിർത്തിവെച്ച് ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ രണ്ട് തവണ പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും കണ്ടില്ല. പിന്നീട് പത്ത് പുരുഷന്മാരെയും പത്ത് വനിതകളെയും വീതം വോട്ട് ചെയ്യിച്ചപ്പോഴും കുഴപ്പം കണ്ടെത്തിയില്ല. വിവാദമുയർന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖിന്റെ സാന്നിധ്യത്തിൽ അധികൃതർ യന്ത്രം പരിശോധിക്കുകയും കുഴപ്പമില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതേത്തുടർന്ന് പോളിങ് പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. പരാതി ഉന്നയിച്ചവര്‍ക്ക് ഓപ്പണ്‍ വോട്ടിനുള്ള അവസരമൊരുക്കി.
2016-ൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.വി ശ്രേയാംസ്‌കുമാറിനെ തോൽപ്പിച്ച് എൽ.ഡി.എഫിലെ സി.കെ ശശീന്ദ്രൻ ജയിച്ച മണ്ഡലത്തിൽ ഇത്തവണ യൂത്ത് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖും ശ്രേയാംസ്‌കുമാറും തമ്മിലാണ് പ്രധാന മത്സരം.