< Back
Kerala
പൈശാചിക പ്രവൃത്തികളിൽ നിന്ന് അണികളെ വിലക്കാൻ സി.പി.എം തയ്യാറാവണം: മുനവ്വറലി തങ്ങൾ
Kerala

"പൈശാചിക പ്രവൃത്തികളിൽ നിന്ന് അണികളെ വിലക്കാൻ സി.പി.എം തയ്യാറാവണം": മുനവ്വറലി തങ്ങൾ

Web Desk
|
7 April 2021 2:58 PM IST

ഈ ക്രൂരതയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തണമെന്നും മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സി.പി.ഐ.എം ഭീകരത മാപ്പർഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ. ഇത്തരം രീതികൾ ഇത്രയും കാലം നാം ശീലിച്ചു പോന്ന സമാധാന- രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും മുനവ്വർ അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യപരമായ പൊതുപ്രവർത്തന രീതികൾ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നൽകുന്ന സന്ദേശം എന്താണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടികളും ഇത്തരം നിലപാട് സ്വീകരിച്ചാൽ എന്താകും കേരളത്തിന്‍റെ അവസ്ഥയെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ചോദിച്ചു.

ഇത്രയും കാലം നാം ആർജ്ജിച്ചെടുത്ത എല്ലാ സാമൂഹിക, സാംസ്കാരിക മുന്നേറ്റങ്ങളേയും പിറകോട്ട് വലിക്കുന്ന ഇത്തരം പൈശാചിക പ്രവൃത്തികളിൽ നിന്ന് തങ്ങളുടെ അണികളെ മാറ്റിനിർത്താൻ നവോത്ഥാന വക്താക്കളെന്ന് സ്വയം പെരുമ്പറ മുഴക്കുന്ന കണ്ണൂരിലെ സി.പി.എം തയ്യാറാവണം. ഈ ക്രൂരതക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തണമെന്നും മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കിയിട്ട് പൊതുപ്രവർത്തനം എന്ന വാക്കിന് എന്ത് അർത്ഥമാണുള്ളത്. പ്രതികളെ എത്രയും വേഗം നിയമത്തിന് മുമ്പിൽ കൊണ്ടുവന്ന് മാത്രകാപരമായ ശിക്ഷ നൽകാൻ അധികാരി വർഗ്ഗം തയ്യാറാകണം. അല്ലാത്തപക്ഷം അത് നമ്മുടെ സാമൂഹികാന്തരീക്ഷത്തെ വീണ്ടും കലുഷിതമാക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

Similar Posts