< Back
Kerala
കളമശ്ശേരിയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണം: അച്ഛനെ ഇതുവരെ കണ്ടെത്താനായില്ല
Kerala

കളമശ്ശേരിയിലെ പെണ്‍കുട്ടിയുടെ ദുരൂഹ മരണം: അച്ഛനെ ഇതുവരെ കണ്ടെത്താനായില്ല

Web Desk
|
8 April 2021 9:44 AM IST

കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയ രക്തത്തുളളികള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു

കളമശേരി മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭത്തില്‍ ദുരൂഹത നീങ്ങിയില്ല. പിതാവ് സനു മോഹനായി പൊലീസ് ഇതര സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നും കണ്ടെത്തിയ രക്തത്തുളളികള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

വാളയാര്‍ ചെക്പോസ്റ്റ് വഴി സനു മോഹന്റെ കാര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചത്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സനു മോഹന്‍റെ സുഹൃത്തിനെ കണ്ടെത്താന്‍ പ്രത്യേക പൊലീസ് സംഘം ചെന്നൈയില്‍ തുടരുകയാണ്. കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് ലഭിച്ച രക്തത്തുളളികളുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്ന നിഗമനത്തിലാണ് പൊലീസ്.

ഇക്കഴിഞ്ഞ മാര്‍ച്ച് 21ന് ഭാര്യയെ ആലപ്പുഴയിലെ വീട്ടില്‍ നിര്‍ത്തിയ ശേഷമാണ് സനു മോഹന്‍ മകളുമായി കാക്കനാട്ടെ ഫ്ലാറ്റിലെത്തിയത്. തൊട്ടടുത്ത ദിവസം മകളുടെ മൃതശരീരം മുട്ടാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു. ഫ്ലാറ്റില്‍‌ രക്തത്തുളളികള്‍ കണ്ടെത്തിയതോടെ കൊലപാതക സാധ്യതയും പൊലീസ് തളളിക്കളയുന്നില്ല. നേരത്തെ പുണെയിലായിരുന്ന സനു അവിടെ ചിലരുമായി പണമിടപാട് നടത്തിയിരുന്നു. ഈ വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലുളള അന്വേഷണത്തില്‍ കാര്യമായ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം സനു മോഹനുമായി തൊഴില്‍പരമായും അല്ലാതെയും ബന്ധമുളള ഒട്ടേറെ പേരെ പൊലീസ് വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

Similar Posts