
കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ: ബിജെപിയുടെ വാദം പൊളിച്ച പൊലീസിന്‍റെ കുറ്റപത്രം
|പെൺകുട്ടി ലവ് ജിഹാദിന്‍റെ ഇരയാണെന്നായിരുന്നു ബിജെപി വാദം
കൊച്ചി: കോതമംഗലത്ത് ആത്മഹത്യ ചെയ്ത 23കാരി ലവ് ജിഹാദിന്‍റെ ഇരയാണെന്നായിരുന്നു ബിജെപി വാദം. രണ്ട് കേന്ദ്ര മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ബിജെപിയുടെ വാദങ്ങൾ പൊളിക്കുന്നതായിരുന്നു പൊലീസിന്‍റെ കുറ്റപത്രം.
നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിന് തെളിവില്ലെന്നും ബന്ധത്തിൽ നിന്ന് ആൺ സുഹൃത്ത് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുറ്റപത്രത്തിലുള്ളത്. ഇരുവരും നേരത്തെ വിവാഹിതാരാവാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് റമീസ് തന്റെ ഫോൺ പോലുമെടുക്കാത്തത് പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതോടെയാണ് പെൺകുട്ടിജീവനൊടുക്കിയതെന്നാണ് കണ്ടെത്തൽ.
മരണത്തിന് കാരണം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് യുവതിയുടെ കുടുംബമാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നാലെ പെൺകുട്ടി ലവ് ജിഹാദിന്റെ ഇരയാണെന്നാരോപിച്ച് ബിജെപി രംഗത്തുവരികയുമായിരുന്നു. എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിന് തെളിവില്ലെന്നാണ് അന്വേഷണത്തിനൊടുവില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
ആൺ സുഹൃത്ത് റമീസാണ് കേസിലെ ഒന്നാം പ്രതി. റമീസിന്‍റെ പിതാവും മാതാവും സുഹൃത്തുമാണ് മറ്റു പ്രതികൾ. വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം, ആത്മഹത്യാപ്രേരണ കുറ്റം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ വകുപ്പുകളാണ് റമീസിനെതിരെ ചുമത്തിയിരിക്കുന്നത്. മറ്റ് മൂന്ന് പ്രതികൾക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണുള്ളത്. 23കാരിയുടെ ആത്മഹത്യക്കുറിപ്പിൽ ആൺ സുഹൃത്ത് റമീസ്, റമീസിന്‍റെ മാതാപിതാക്കൾ എന്നിവരെക്കുറിച്ച് പരാമർശം ഉണ്ടായിരുന്നു. കേസിൽ ആകെ 55 സാക്ഷികളാണുള്ളത്.
റമീസിനെ ആദ്യം പ്രതിചേർത്ത് അറസ്റ്റ് ചെയ്തെങ്കിലും, അന്വേഷണത്തിന് ശേഷമാണ് മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. റമീസിന്‍റെ കുടുംബം മതപരിവർത്തനത്തിന് പെൺകുട്ടിയെ നിർബന്ധിച്ചിരുന്നുവെന്ന് വീട്ടുകാർ ആരോപിച്ചിരുന്നു. കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമര്‍പ്പിക്കും.
ആഗസ്റ്റ് ഒൻപതിനാണ് കറുകടം സ്വദേശിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പിന്നാലെ ആൺസുഹൃത്തിനെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുന്ന കുറിപ്പും കണ്ടെത്തിയിരുന്നു.