< Back
Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി
Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി

Web Desk
|
24 April 2022 1:18 PM IST

യന്ത്രത്തിന്റെ അടിഭാഗത്ത് തയാറാക്കിയ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഇറച്ചി മുറിക്കുന്ന യന്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടരക്കോടി രൂപ വിലവരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസസിന്റെ പേരിലെത്തിയ ഇറച്ചി വെട്ട് യന്ത്രത്തിനുള്ളില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. സ്ഥാപനത്തിന്റെ ഉടമ സിറാജുദ്ദീന്റെ പേരിലാണ് യന്ത്രം ഇറക്കുമതി ചെയ്തത്.

യന്ത്രത്തിന്റെ അടിഭാഗത്ത് തയാറാക്കിയ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റിയാണ് കസ്റ്റംസ് സ്വര്‍ണം പുറത്തെടുത്തത്. കേരളത്തില്‍ ലഭ്യമായ യന്ത്രം സ്വര്‍ണം കടത്താന്‍ മാത്രം ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്തതാണെന്നാണ് കസ്റ്റംസ് നിഗമനം. വിമാനത്താവളത്തില്‍ നിന്നും യന്ത്രം ഏറ്റുവാങ്ങാനെത്തിയ സിറാജുദ്ദീന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

കരിപ്പൂരിലും യാത്രക്കാരനില്‍ നിന്ന് സ്വർണം പിടികൂടി. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 851 ഗ്രാം സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ മുഹമ്മദ് ആസിഫാണ് പൊലീസിന്റെ പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ആസിഫിനെ പൊലീസ് പിടികൂടിയത്.

Similar Posts