< Back
Kerala
2nd Pinarayi Govtst Fourt Anniversary Celebrations Inauguration Today
Kerala

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ- 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ഇന്ന്

Web Desk
|
21 April 2025 6:25 AM IST

മെയ് 30 വരെ വിപുലമായാണ് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. രാവിലെ 10ന് കാസര്‍കോട് കാലിക്കടവ് മൈതാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്​​ഘാടനം നിര്‍വഹിക്കും. സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങൾക്ക് നേരിട്ട് അറിയിക്കുന്നതിനായാണ് എന്റെ കേരളം' പ്രദര്‍ശന വിപണന മേള ഒരുക്കിയിരിക്കുന്നത്.

ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായാണ് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം.

പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി കാസർകോട് ജില്ലയിലെ പ്രമുഖരുമായി ഇന്ന് സംവദിക്കും. രാവിലെ 11ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബിലാണ് പരിപാടി. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, തൊഴിലാളി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ അംഗങ്ങള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക- കായിക രംഗത്തെ പ്രതിഭകള്‍, വ്യവസായികള്‍, പ്രവാസികള്‍, സമുദായ നേതാക്കള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലയിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.

കാസർകോട് ജില്ലയിൽ ഏഴ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി 73,923 സ്‌ക്വയര്‍ ഫീറ്റില്‍ വിപുലമായ പന്തലാണ് ഒരുക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളും വിവിധതരം പ്രദര്‍ശന പവലിയനുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കാര്‍ഷിക പ്രദര്‍ശനം, ഡോഗ് ഷോ, ഫുഡ് കോർട്ട്, പ്രത്യേക ചില്‍ഡ്രന്‍സ് സോൺ എന്നിവയും ഉണ്ടാവും.

കിഫ്ബിയുടെ സഹകരണത്തോടെയാണ് മേളയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. ഏഴ് ദിവസങ്ങളിലും വൈകിട്ട് ആറ് മുതല്‍ 10 വരെ കലാപരിപാടികളും അരങ്ങേറും. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തൃക്കരിപ്പൂര്‍ സൈക്ലിങ് ക്ലബ്ബുമായി സഹകരിച്ച് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.



Similar Posts