< Back
Kerala
വയനാട് കടുവ ആക്രമണം: ഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിൽ 48 മണിക്കൂർ കർഫ്യൂ
Kerala

വയനാട് കടുവ ആക്രമണം: ഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിൽ 48 മണിക്കൂർ കർഫ്യൂ

Web Desk
|
26 Jan 2025 7:53 PM IST

കഴിഞ്ഞ ദിവസമാണ് വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ രാധ എന്ന യുവതി കൊല്ലപ്പെട്ടത്

വയനാട്: വയനാട് കടുവ ഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിൽ കർഫ്യൂ. പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയം കുന്ന് എന്നിവടങ്ങളിലാണ് കർഫ്യൂ. നാളെ രാവിലെ 6 മണി മുതൽ 48 മണിക്കൂർ നേരത്തേക്കാണ് കർഫ്യൂ. കടുവയെ ഇതുവരെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.

ജനങ്ങൾ പുറത്തിറങ്ങരുത്. കടകൾ അടച്ചിടണം. വിദ്യാർത്ഥികൾ പുറത്തിറങ്ങരുത്. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തും. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം. കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്ക് നിലനിൽക്കും തുടങ്ങിയ നിർദേശങ്ങളും പ്രദേശത്തെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ രാധ എന്ന യുവതി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം രാധയെ കടുവ ആക്രമിച്ചുകൊന്നത്. കാപ്പിക്കുരു പറിക്കുന്നതിനിടെ പതിയിരുന്ന കടുവ രാധയെ ആക്രമിക്കുകയായിരുന്നു. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗം കടുവ ഭക്ഷിച്ചിരുന്നു. കടുവ വലിച്ച് കൊണ്ടുപോയ മൃതദേഹം കാട്ടിൽ നിന്നാണ് കണ്ടെടുത്തത്.

അതിന് ശേഷം രണ്ട് തവണയായി നാട്ടുകാർ കടുവയെ കണ്ടിരുന്നു. ഇന്ന് രാവിലെ ദ്രുതകർമ സേനാംഗത്തിന് നേരെയും കടുവയുടെ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ.



Similar Posts