< Back
Kerala
മഴയിലുംതോരാത്ത വോട്ടാവേശം; ആദ്യമണിക്കൂറിൽ 6.02 % പോളിങ്
Kerala

മഴയിലുംതോരാത്ത വോട്ടാവേശം; ആദ്യമണിക്കൂറിൽ 6.02 % പോളിങ്

Web Desk
|
19 Jun 2025 8:50 AM IST

മഴയെയും അവഗണിച്ചാണ് വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്നത്

നിലമ്പൂർ: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു.ആദ്യമണിക്കൂറിൽ 6.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്.മഴയെയും അവഗണിച്ചാണ് വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് മതീരി ജിഎൽപി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷം വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു.

പ്രധാന മുന്നണി സ്ഥാനാർഥിയടക്കം 10സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.മെയ് 25നായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

വോട്ടിങ്ങിനായി ആദിവാസി മേഖലകൾ ഉൾപ്പെടുന്ന വനത്തിലെ മൂന്ന് ബൂത്തുകൾ ഉൾപ്പെടെ ആകെയുള്ള 263 ബൂത്തുകളും പൂർണ സജ്ജം. ഇതിൽ 11 എണ്ണം പ്രശ്ന ബാധിത ബൂത്തുകളാണ്. പോളിങ് സാമഗ്രികൾ ചുങ്കത്തറ മാർതോമ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇന്നലെ ഉച്ചയോടെ തന്നെ പോളിങ് സ്റ്റേഷനുകളിൽ എത്തിയിരുന്നു.

അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു.പ്രശ്നങ്ങൾ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നേരിട്ട് ഇടപെട്ട് നടപടികൾ സ്വീകരിക്കും. 14 പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയുടെ നീരീക്ഷണമുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

നിലമ്പൂരിൽ വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അൻവർ പ്രതികരിച്ചു.. ഞാൻ നിയമസഭയിലേക്ക് പോകും. രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗാണ് യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ പറഞ്ഞത്. ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചുവെന്നും അൻവർ പറഞ്ഞു.


Similar Posts