< Back
Kerala
56 മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽകിണറിൽ വീണ കുട്ടി മരിച്ചു
Kerala

56 മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വിഫലം; രാജസ്ഥാനിൽ കുഴൽകിണറിൽ വീണ കുട്ടി മരിച്ചു

Web Desk
|
12 Dec 2024 9:00 AM IST

തിങ്കളാഴ്ച കുഴൽകിണറിൽ വീണ അഞ്ചുവയസുകാരൻ 150 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു

രാജസ്ഥാൻ: 56 മണിക്കൂറുകളുടെ രക്ഷാപ്രവർത്തനം വിഫലം, രാജസ്ഥാൻ ദൗസയിൽ കുഴൽകിണറിൽ വീണ അഞ്ചുവയസുകാരൻ മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് ആര്യൻ എന്ന് പേരുള്ള കുട്ടി കുഴൽകിണറിലേക്ക് വീണത്. 150 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ഒരു മണിക്കൂറിന് ശേഷം എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. കുഴലിലേക്ക് ട്യൂബ് വഴി ഓക്‌സിജൻ എത്തിച്ചിരുന്നു. ക്യാമറ ഉപയോഗിച്ച് കുട്ടിയെ നിരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും കിണറിനുള്ളിലെ നീരാവി നിരീക്ഷണത്തിന് തടസം സൃഷ്ടിച്ചു. കുട്ടി കുടുങ്ങിയതിന് പത്തടി താഴ്ചയിൽ ജലനിരപ്പുണ്ടായിരുന്നത് കൂടുതൽ ആശങ്കയുണ്ടാക്കി.

കിണറിന് സമാന്തരമായി 150 അടി താഴ്ചയുള്ള മറ്റൊരു കിണർ കുഴിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു നീക്കം. എന്നാൽ പുതിയ ദൗത്യത്തിനിടെ കുട്ടി വീണ കിണറിലേക്ക് മണ്ണിടിഞ്ഞതും ആശങ്കയ്ക്ക് കാരണമായി. കിണറിനുള്ളിലെ നീരാവി ഓക്‌സിജന്റെ അഭാവത്തിന്റെ സൂചനയായിരുന്നു. ഇത് രക്ഷാദൗത്യത്തിനായി സമാന്തര കുഴിയിലിറങ്ങിയവർക്കും ശാരീരിക ബുദ്ധിമുട്ടുണ്ടാക്കുന്നതിന് കാരണമായി. 150 അടി താഴ്ചയിൽ പോകുന്നത് ഇതോടെ രക്ഷാദൗത്യ സംഘത്തിന് വെല്ലുവിളിയായി.

56 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയെ കയറുകൊണ്ട് ബന്ധിച്ച് പുറത്തെത്തിക്കുകയായിരുന്നു. ബോധരഹിതനായിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിച്ചു.

ഈ വർഷം സെപ്തംബറിൽ ദൗസ പ്രദേശത്ത് തന്നെ മറ്റൊരു കുട്ടിയും കുഴൽകിണറിൽ വീണിരുന്നു. 28 അടി താഴ്ചയിൽ കുടുങ്ങിയ രണ്ടുവയസുകാരിയെ 18 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തുകയായിരുന്നു.

Similar Posts