
പാലക്കാട്ട് പുതുക്കോട് വെട്ടിമാറ്റിയ 62 വോട്ടുകൾ പുനഃസ്ഥാപിച്ചു
|തെരുവ് വാർഡിൽ കന്നിവോട്ടർമാരെ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
പാലക്കാട്: പാലക്കാട് പുതുക്കോട് പഞ്ചായത്തിലെ തെരുവ് വാർഡിൽ നിന്നും വെട്ടിമാറ്റിയ വോട്ടുകൾ പുനഃസ്ഥാപിച്ചു.62 പേരെയാണ് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നത്. 62 പേരുടെ വോട്ടുകളും തെരുവ് വാർഡിൽ ഉൾപ്പെടുത്തി.തെരുവ് വാർഡിൽ കന്നിവോട്ടർമാര്‍ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയ വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടിമാറ്റിയ വോട്ടുകള്‍ പുനഃസ്ഥാപിച്ചത്. കലക്ടര്‍ ഇടപെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നടപടിയുണ്ടായത്. ഈ 62 പേര്‍ക്കും തെരുവ് വാര്‍ഡില്‍ തന്നെ വോട്ട് ചെയ്യാനാകും.
പുതുതായി താമസിക്കുന്ന വീടിന്റെ നമ്പറും കരമടച്ച രസീതുമടക്കം പഞ്ചായത്ത് സെക്രട്ടറിക്ക് ഹാജരാക്കിയിരുന്നുവെന്നും എന്നാല്‍ ഓരോ തവണയും ഓരോ കാരണങ്ങൾ പറഞ്ഞാണ് സെക്രട്ടറി തിരിച്ചെന്നുമായിരുന്നു വോട്ടര്‍മാരുടെ പരാതി.
വോട്ട് വെട്ടിമാറ്റിയ കാര്യം തന്നോട് പോലും അറിയിച്ചിരുന്നില്ലെന്നും തെരുവ് വാർഡ് അംഗവും പറഞ്ഞത്. ഒരു കാരണവുമില്ലാതെയാണ് തങ്ങളുടെ വോട്ടുകള്‍ വെട്ടിമാറ്റിയതെന്നും ഇത് പുനഃസ്ഥാപിക്കണമെന്നുമാണ് വോട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. വോട്ട് വെട്ടിമാറ്റിയ സംഭവം മീഡിയവണ്‍ വാര്‍ത്തയാക്കിയതോടെയാണ് അധികൃതര്‍ ഇതില്‍ ഇടപെടുകയും വോട്ടുകള്‍ പുനഃസ്ഥാപിക്കുകയും ചെയ്തത്.