< Back
Kerala
64th State School Kalolsavam Starts in Thrissur Inaugurated by CM Pinarayi Vijayan
Kerala

കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്; കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി; കലാപൂരത്തിന് തിരിതെളിഞ്ഞു

Web Desk
|
14 Jan 2026 11:47 AM IST

'കുട്ടികൾ അവരുടെ ലോകത്ത് വിഹരിക്കട്ടെ. ഒന്നാം സ്ഥാനം നേടിയവർ മാത്രമല്ല കലാരംഗത്ത് മഹാന്മാരായി മാറിയിട്ടുള്ളത്'.

തൃശൂർ: പൂരനാട്ടിൽ കലാപൂരത്തിന് തിരിതെളിഞ്ഞു.‌ തേക്കിൻകാട് മൈതാനത്ത് പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ 64ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാർ ചെയ്യുന്നത്. കലാ- മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവന്നു. കലോത്സവങ്ങളാണ് ഇതിന് സഹായകമായതെന്നും മുഖ്യമന്ത്രി.

കലാമണ്ഡലം ഹൈദരാലി കഥകളി അഭ്യസിച്ചപ്പോൾ പലരും അപഹസിച്ചു. നിരവധി നല്ല വേദികളിലും അദ്ദേഹത്തിന് സ്വീകരണം ലഭിച്ചു. മുസ്‌ലിംകൾ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കൾ ഒപ്പന പഠിക്കരുതെന്നും ശഠിക്കുന്നവർ ഇന്നുമുണ്ട്. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാനകിയെന്നും സീത എന്നും പേരിടാൻ കഴിയാത്ത സ്ഥിതിയാണ്. കലാമേളകളിൽ പങ്കെടുക്കുക എന്നതാണ് പ്രധാനം. സമ്മാനം കിട്ടുകയോ കിട്ടാതിരിക്കുകയോ ആവാം. കലോത്സവത്തിന്റെ ഭംഗി മത്സരബുദ്ധി കെടുത്താതെ നോക്കണമെന്നും ഇതിൽ രക്ഷകർത്താക്കൾ ഇടപെടാതെ നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾ അവരുടെ ലോകത്ത് വിഹരിക്കട്ടെ. ഒന്നാം സ്ഥാനം നേടിയവർ മാത്രമല്ല കലാരംഗത്ത് മഹാന്മാരായി മാറിയിട്ടുള്ളത്. പ്രകടമായ ക്രമക്കേട് എവിടെയെങ്കിലും ഉണ്ടായാൽ അപ്പീൽ വഴി പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണ്, രക്ഷിതാക്കളല്ല. ജൂറിയുടെ തീരുമാനത്തെ അതേ കണ്ണിൽ കാണണം. ഒരാൾക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നാതിരിക്കാം. കലോത്സവത്തിന്റെ ഭംഗി മത്സരബുദ്ധി കെടുത്താതെ നോക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ​ഗോപി മുഖ്യാതിഥിയായ ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, നടി റിയാ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

15,000 പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുക. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് പതാക ഉയർത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടന്നു. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികളാണ് കുടമാറ്റത്തിൽ അണിനിരന്നത്. ബി.കെ ഹരിനാരായണൻ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാർഥികൾ നൃത്തരൂപത്തിൽ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്കൂളിലെ വിദ്യാർഥികളാണ് തീം സോങ് തയാറാക്കിയത്.

പൂക്കളുടെ പേരിലുള്ള 25 വേദികളാണ് 15,000 പ്രതിഭകളുടെ കലാമികവിനായി ഒരുങ്ങിയിട്ടുള്ളത്. കലോത്സവത്തിലെ കളർഫുൾ ഐറ്റങ്ങളായ ഹൈസ്കൂൾ വിഭാഗം സംഘനൃത്തം, ഹയർസെക്കൻഡറി വിഭാഗം ഒപ്പന എന്നിവ രണ്ടും മൂന്നും വേദികളിലായി നടക്കും. പഞ്ചവാദ്യവും അറബനമുട്ടും ദഫ്മുട്ടും ആദ്യ ദിനത്തിൽ കലോത്സവ നഗരിയെ ആവേശത്തിലാക്കാൻ അരങ്ങിലെത്തും.

Similar Posts