< Back
Kerala
ഫർസീൻ മജീദിനെതിരെ ഏഴ് കേസുകൾ മാത്രം; 19 കേസുണ്ടെന്ന മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി
Kerala

'ഫർസീൻ മജീദിനെതിരെ ഏഴ് കേസുകൾ മാത്രം'; 19 കേസുണ്ടെന്ന മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി

Web Desk
|
5 Sept 2022 7:14 AM IST

പുതിയ മറുപടി സഭയിൽ രേഖാമൂലം നൽകിയത്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച കേസിലെ പ്രതി ഫർസീൻ മജീദിനെതിരെ 19 കേസുണ്ടെന്ന സ്വന്തം വാദം തിരുത്തി മുഖ്യമന്ത്രി. രേഖാമൂലം സഭയിൽ നൽകിയ മറുപടിയിലാണ് ഏഴ് കേസുകളാണ് ഉള്ളതെന്ന മുഖ്യമന്ത്രിയുടെ തിരുത്ത്.

ഫർസീൻ മജീദിനെ പ്രതിപക്ഷം സഭയിൽ ന്യായീകരിച്ചപ്പോഴാണ് മുഖ്യമന്ത്രി കണക്കിന് പരിഹസിച്ചത്. ഇത് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുകയും ചെയ്തു. ജൂലൈ 20 നാണ് സഭയിൽ ഈ വാക്‌പോര് അരങ്ങേറിയത്. എന്നാൽ അടുത്ത സഭാ സമ്മേളനം ആയപ്പോഴേക്കും 19 കേസുകൾ എന്നതിൽ നിന്നും കുത്തനെ താഴേക്ക് പോയി.

സെപ്തംബർ ഒന്നിന് എം.കെ മുനീറിൻറെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഫർസീൻ മജീദിന് എതിരെയുള്ള കേസുകൾ മുഖ്യമന്ത്രി വിശദീകരിക്കുന്നത്. ഇത് പ്രകാരം വിമാനത്തിലെ പ്രതിഷേധമടക്കം 7 കേസുകളാണ് ഉള്ളത്. ഇതിൽ ആറും മട്ടന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത്.

ഇതിൽ കൂടുതലും ഷുഹൈബ് വധത്തിന് പിന്നാലെയുണ്ടായ സംഘർഷങ്ങളുടേയും പ്രകടനകളുടേയും പേരിലുള്ളതാണ്. ഒരു കേസ് ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് വലിച്ചിഴച്ചതിന് എതിരെ കെഎസ് യു നടത്തിയ പ്രകടനത്തിലെ സംഘർഷത്തെ തുടർന്നുള്ളതുമാണ്. നിലവിൽ ഫർസീനെതിരെ കാപ്പ ചുമത്താൻ പൊലീസ് റിപ്പോർട്ട് കലക്ടറുടെ പരിഗണനയിലാണ്.

Similar Posts