< Back
Kerala
തിരുതാ തോമ: ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോൺഗ്രസും ശീലമാക്കിയെന്ന് എ എ റഹീം
Kerala

'തിരുതാ തോമ': ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോൺഗ്രസും ശീലമാക്കിയെന്ന് എ എ റഹീം

Web Desk
|
8 April 2022 10:30 AM IST

തന്‍റെ കൂടെയുള്ളവരുടെ മാനസികാവസ്ഥയെ കുറിച്ചാണ് കെ വി തോമസ് നെഞ്ചുപൊട്ടി പറഞ്ഞതെന്ന് എ എ റഹീം

തിരുവനന്തപുരം: ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് എ എ റഹീം എംപി. തന്നെ 'തിരുതാ തോമ'യെന്ന് വിളിച്ച് കോണ്‍ഗ്രസുകാര്‍ അവഹേളിക്കുന്നുവെന്ന കെ വി തോമസിന്‍റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് റഹീമിന്‍റെ പ്രതികരണം.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു. 'ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ' എന്ന തന്റെ കൂടെയുള്ളവരുടെ മാനസികാവസ്ഥയെ കുറിച്ചാണ് കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞതെന്ന് എ എ റഹീം ഫേസ് ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ 'ചെത്തുകാരന്റെ മകൻ' എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും കോൺഗ്രസാണ്. ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ് ബോധം. മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. കെ വി തോമസിനെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു ചർച്ച ചെയ്യുന്ന ഒരു സെമിനാറിൽ നിന്ന് എന്തിന് വിലക്കുന്നുവെന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയുന്നില്ല. ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകുമെന്നും റഹീം കുറിച്ചു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചു നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കുന്നതിനിടെയാണ് തന്നെ കോണ്‍ഗ്രസുകാര്‍ അധിക്ഷേപിച്ചിട്ടുണ്ടെന്ന് കെ വി തോമസ് പറഞ്ഞത്. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് കെ വി തോമസ് കണ്ണൂരിലേക്ക് പോകുന്നത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

"എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു...

അതെ, ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്"

വൈകാരികമായി

ശ്രീ കെ വി തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്.

ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ് ശീലമാക്കിയിരിക്കുന്നു.

കേരളത്തിന്റെ സർവ്വാദരണീയനായ മുഖ്യമന്ത്രിയെ 'ചെത്തുകാരന്റെ മകൻ'

എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും

ഇതേ കോൺഗ്രസാണ്.

ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ് ബോധം.

മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്ന ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു,

പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു...

'ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ...'

തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.

മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും,

കെ വി തോമസിനെ,

രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു

ചർച്ചചെയ്യുന്ന ഒരു സെമിനാറിൽ നിന്ന്

എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോൾ,

ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകും.


"എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു... അതെ,ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്....

Posted by A A Rahim on Thursday, April 7, 2022



Similar Posts