< Back
Kerala
മുസ്‍ലിംകൾക്ക് എല്ലാ സാഹചര്യത്തിലും ഒന്നിലധികം വിവാഹം കഴിക്കാനാകില്ല: ഹൈക്കോടതി
Kerala

'മുസ്‍ലിംകൾക്ക് എല്ലാ സാഹചര്യത്തിലും ഒന്നിലധികം വിവാഹം കഴിക്കാനാകില്ല': ഹൈക്കോടതി

Web Desk
|
20 Sept 2025 11:30 AM IST

പ്രതിമാസം ചെലവിനത്തിൽ 10000 രൂപ നൽകാൻ ഭർത്താവിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ സ്വദേശിയായ രണ്ടാം ഭാര്യ നൽകിയ ഹരജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ ചോദ്യം

കൊച്ചി: ഭിക്ഷാടനം നടത്തുന്ന ഒരാളിൽ നിന്ന് ഭാര്യക്ക് ചെലവിന് നൽകണമെന്ന് നിർബന്ധിക്കാനാവില്ലെന്ന് ഹൈക്കോടതി. രണ്ടാം ഭാര്യയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. സാമ്പത്തിക ഭദ്രത ഇല്ലാത്തവർ എന്തിന് വീണ്ടും വിവാഹം കഴിക്കുന്നു എന്നും കോടതി ചോദിച്ചു.

പാലക്കാട് സ്വദേശിയുടെ രണ്ടാം ഭാര്യ നൽകിയ ഹരജിയാണ് ഹൈക്കോടതി തീർപ്പാക്കിയത്. ഭർത്താവ് അന്ധനാണെന്നും ജീവിതമാർഗം ഭിക്ഷാടനം ആണെന്നും പ്രതിമാസം 25000 വരെ ഭിക്ഷാടനം വഴിയും മറ്റും ലഭിക്കുമെന്നും ഭാര്യ കുടുംബ കോടതിയെ ധരിപ്പിച്ചു. ഇതിൽ നിന്ന് 10000 രൂപ പ്രതിമാസം ചെലവിന് നൽകാൻ ആവശ്യപ്പെടണം എന്നായിരുന്നു ഹരജി. കുടുംബകോടതി ഈ ആവശ്യം തള്ളി.

അന്ധനായ, ഭിക്ഷാടനം നടത്തുന്ന, സാമ്പത്തിക ഭദ്രത ഇല്ലാത്ത ആളോട് ചെലവിന് നൽകാൻ നൽകണമെന്ന് ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്ന് കോടതി വിധിച്ചു . കുടുംബ കോടതിയുടെ ഈ ഉത്തരവ് ചോദ്യം ചെയ്താണ് രണ്ടാം ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയും രണ്ടാം ഭാര്യയുടെ ആവശ്യം തള്ളുകയും ചെയ്തു.

സൈതലവി മറ്റൊരു വിവാഹം കൂടി കഴിക്കുമെന്ന് പലപ്പോഴും ഭാര്യയെ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോടതി ഇക്കാര്യത്തിൽ ഗൗരവപൂർവമായ ചില നിരീക്ഷണങ്ങൾ കൂടി നടത്തി. രണ്ടാം ഭാര്യക്ക് ചെലവിന് നനൽകാൻ പ്രാപ്തിയില്ലാത്ത സൈതലവി, ഇനി മറ്റൊരു വിവാഹം കൂടി കഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. സൈതലവിയെ മതപണ്ഡിതർ മൂന്നാം വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

ഇതോടൊപ്പം മറ്റു ചില വശങ്ങളും കോടതി ചൂണ്ടിക്കാട്ടി. മുസ്‍ലിംകൾക്ക് എല്ലാ സാഹചര്യത്തിലും ഒന്നിലധികം വിവാഹം കഴിക്കാനാകില്ല എന്നാണ് കോടതി വ്യക്തമാക്കുന്നത്. തുല്യ നീതിയും ഭാര്യമാരെ സംരക്ഷിക്കാൻ പ്രാപ്തിയും ഉണ്ടെങ്കിൽ മാത്രമേ അത്തരം വിവാഹങ്ങൾ പാടുള്ളൂ എന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട് എന്ന് കോടതി പറഞ്ഞു. ഇതേപ്പറ്റി ധാരണയില്ലാത്ത പലരുമുണ്ട്. അവരെ മത പണ്ഡിതർ തന്നെ കൗൺസിലിങ് നടത്തണം. ഇത്തരം കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

Similar Posts