
ഗുരുതരമായി പരിക്കേറ്റ നിലയിൽ ആലപ്പുഴ സ്വദേശിയെ കണ്ടെത്തിയതിൽ വഴിത്തിരിവ്
|തുറവൂർ സ്വദേശിയായ സുദർശനെ ഉപേക്ഷിച്ചത് എറണാകുളം കൂനമ്മാവിലുള്ള അഗതിമന്ദിരം നടത്തിപ്പുകാർ
തൃശൂർ: കൊടുങ്ങല്ലൂരിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ആലപ്പുഴ സ്വദേശിയെ കണ്ടെത്തിയതിൽ വഴിത്തിരിവ്. തുറവൂർ സ്വദേശിയായ സുദർശനനെ ഉപേക്ഷിച്ചത് എറണാകുളം കൂനമ്മാവിലുള്ള അഗതിമന്ദിരം നടത്തിപ്പുകാരാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഇരുപത്തിയൊന്നാം തീയതിയാണ് ആലപ്പുഴ സ്വദേശി സുദർശനനെ ഗുരുതരാവസ്ഥയിൽ റോഡരികിൽ കണ്ടെത്തിയത്. ഇയാളുടെ ജനനേന്ദ്രിയത്തിന് പരിക്കേറ്റിരുന്നു. ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നു. കാഴ്ച ശക്തി നഷ്ടപ്പെട്ട നിലയിലായിരുന്നു. തുടർന്ന,് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തെ അഗതി മന്ദിരത്തിലെ അന്തേവാസിയായിരുന്നു ഇയാളെന്നും മറ്റൊരു അന്തേവാസി ഇയാളെ ആക്രമിച്ചതാണെന്നും വ്യക്തമായത്.പരിക്കേറ്റ സുദർശനനെ അഗതി മന്ദിരം നടത്തിപ്പുകാർ ചികിത്സ നൽകാതെ സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിൽ ഉപേക്ഷിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. അഗതിമന്ദിരം നടത്തിപ്പുകാരൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വ്യക്തത വരൂ എന്ന് കൊടുങ്ങല്ലൂർ പൊലീസ് പറഞ്ഞു. പരിക്കേറ്റ സുദർശനൻ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്