
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്; ഡോക്ടർ രാജീവ് കുമാറിനെതിരെ കേസ് എടുത്തു
|ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവിൽ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തു. ഐപിസി 336, 338 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കന്റോൺമെന്റ് പൊലീസാണ് കേസ് എടുത്തത്. കേസിൽ ഒറ്റപ്രതി മാത്രമാണ് ഉള്ളത്.
തൈറോയിഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാൽ പിന്നീട് ശ്വാസതടസം ഉണ്ടായതോടെ മറ്റൊരു ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ ഗൈഡ് വയർ ധമനികളോട് ഒട്ടിയിരിക്കുന്നതായി കണ്ടെത്തി. ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
ശസ്ത്രക്രിയ പിഴവിനെ ആരോഗ്യവകുപ്പ് നിസ്സാരമായി കാണുന്നുവെന്ന് സുമയ്യയുടെ ബന്ധു ഷബീർ ആരോപിച്ചിരുന്നു. പ്രശ്‌നമില്ലെന്ന് റിപ്പോർട്ട് നൽകിയ ഡോക്ടറെയും വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തി. ശസ്ത്രക്രിയ പെട്ടെന്ന് നടക്കാൻ ഡോക്ടർക്ക് പണം നൽകി. നീതി ലഭിക്കും വരെ മുന്നോട്ട് പോകുമെന്നും സുമയ്യയുടെ ബന്ധു പറഞ്ഞു.
അതേസമയം, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ വീഴ്ച പരിശോധിക്കാൻ വിദഗ്ധസമിതി രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉത്തരവാദികളായവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.
ചികിത്സാപിഴവ് പരാതി ഉന്നയിച്ച സുമയ്യ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ആരോഗ്യ വകുപ്പ് ഡയറക്ടറെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.