< Back
Kerala
പട്ടയ നടപടികൾക്ക് പണപ്പിരിവ് നടത്തിയ കേസ്; പുനരന്വേഷണം തൃപ്തികരമല്ലെന്ന് പരാതി
Kerala

പട്ടയ നടപടികൾക്ക് പണപ്പിരിവ് നടത്തിയ കേസ്; പുനരന്വേഷണം തൃപ്തികരമല്ലെന്ന് പരാതി

Web Desk
|
3 Sept 2023 10:15 PM IST

കോടതി നിർദേശപ്രകാരം ഏതാനും പേരിൽ നിന്ന് മൊഴിയെടുത്തതല്ലാതെ മറ്റ് നടപടികളുണ്ടായില്ലെന്നാണ് കർഷകരുടെ ആരോപണം

ഇടുക്കി: ഇടുക്കി പത്തുചെയിനിലെ പട്ടയ നടപടികൾക്ക് പണപ്പിരിവ് നടത്തിയെന്ന കേസിൽ പുനരന്വേഷണം തൃപ്തികരമല്ലെന്ന് പരാതി. കോടതി നിർദേശപ്രകാരം ഏതാനും പേരിൽ നിന്ന് മൊഴിയെടുത്തതല്ലാതെ മറ്റ് നടപടികളുണ്ടായില്ലെന്നാണ് കർഷകരുടെ ആരോപണം. പട്ടയസമിതി രൂപീകരിച്ച് 2500 കർഷകരിൽ നിന്ന് 20 ലക്ഷത്തോളം രൂപ പിരിച്ചെന്നായിരുന്നു കേസ്.

2018 ൽ കാഞ്ചിയാർ,അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ പട്ടയസമിതി രൂപീകരിച്ച് പണപ്പിരിവ് നടത്തിയെന്നായിരുന്നു പരാതി. ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തെങ്കിലും രാഷ്ട്രീയ പ്രേരിതമാണെന്ന് കാട്ടി എഴുതിത്തള്ളിയതോടെയാണ് പരാതിക്കാർ കോടതിയെ സമീപിച്ചത്. കേസ് പുരന്വേഷിക്കാൻ മൂന്നു മാസം മുമ്പ് കട്ടപ്പന ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയും ചെയ്തു. ഉപ്പുതറ സി.ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് പരാതി.

ഇടുക്കി ഡാമിനോടനുബന്ധിച്ചുള്ള പത്തുചെയിനിൽ മുഴുവൻ ഭൂമിക്കും പട്ടയം നൽകുമെന്നായിരുന്നു സമിതിയുടെ വാഗ്ദാനം. ഏഴുചെയിനിൽ മാത്രമേ പട്ടയം നൽകൂവെന്ന റവന്യൂ വകുപ്പിന്റെ നിലപാട് പ്രതിഷേധത്തിനിടയാക്കി. ഇതോടെയാണ് മൂന്നുചെയിൻ സംരക്ഷണസമിതി രൂപീകരിച്ച് കർഷകർ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയത്.

ലോക്കൽ പോലീസ് നടത്തുന്ന പുനരന്വേഷണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് മൂന്ന് ചെയിൻ സംരക്ഷണ സമിതിയുടെ തീരുമാനം. അന്വേഷണം നടക്കുകയാണെന്ന് ഉപ്പുതറ പോലീസും വ്യക്തമാക്കി.

Related Tags :
Similar Posts