< Back
Kerala
മാലിദ്വീപിന്റെ ടൂറിസം വികസനത്തിന് നിർണായക നീക്കം; മർകസ് നോളേജ് സിറ്റി ധാരണാപത്രം ഒപ്പുവെച്ചു
Kerala

മാലിദ്വീപിന്റെ ടൂറിസം വികസനത്തിന് നിർണായക നീക്കം; മർകസ് നോളേജ് സിറ്റി ധാരണാപത്രം ഒപ്പുവെച്ചു

Web Desk
|
25 Aug 2025 3:49 PM IST

'മാലിദ്വീപിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കാൻ മർകസ് നോളജ് സിറ്റിയുമായി സഹകരിക്കും'

മാലെ: മാലിദ്വീപ് ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് മർകസ് നോളേജ് സിറ്റി ഇന്റർനാഷണൽ റിലേഷൻസ് മാനേജർ അഡ്വ. മുഹമ്മദ് ശംവീൽ നൂറാനി മാലിദ്വീപ് ടൂറിസം മന്ത്രി അഷ്ഹദ് സയീദുമായി മാലെയിലെ ടൂറിസം മന്ത്രാലയത്തിൽ കൂടിക്കാഴ്ച നടത്തി.

മാലിദ്വീപിന്റെ ടൂറിസം പ്രോത്സാഹനത്തിനും പരസ്പര സഹകരണത്തിനും വേണ്ടിയുള്ള ധാരണാപത്രത്തിൽ ഇരുവരും ഒപ്പുവെച്ചു. ഇത് ഇരു രാജ്യങ്ങൾക്കും ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങൾ തുറന്നു നൽകും.

മാലിദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന്, ആകർഷിക്കുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. ഇതിനായി മർകസ് നോളേജ് സിറ്റി വിവിധ ടൂറിസം പാക്കേജുകളും പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്യും. കൂടാതെ മാലിദ്വീപുകാർക്ക് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചികിത്സാ കേന്ദ്രങ്ങളിലും പ്രവേശനം ലഭ്യമാക്കുന്നതിനുള്ള ഒരു തന്ത്രപരമായ പങ്കാളിത്തത്തിനും ധാരണയായി.

പദ്ധതിയുടെ ഭാഗമായി മർകസ് നോളജ് സിറ്റിയുമായി മാലിദ്വീപ് ഗവണ്മെന്റ് സംവിധാനങ്ങളും സഹകരിക്കും. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവ മർകസ് നോളജ് സിറ്റിയിലൂടെ മാലിദ്വീപിലെ പൗരന്മാർക്ക് ലഭ്യമാക്കാൻ ഇത് സഹായിക്കും.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിദ്വീപ് സന്ദർശനത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായ സാഹചര്യത്തിൽ ഈ ധാരണാപത്രം ഒപ്പിട്ടത് വലിയ നയതന്ത്ര പ്രാധാന്യമുള്ള കാര്യമാണ്.

മാലിദ്വീപിന്റെ ടൂറിസം പ്രോത്സാഹനത്തിനായി ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഏജൻസി എന്ന ബഹുമതി മർകസ് നോളേജ് സിറ്റിക്കാണ്. ഈ പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകൾ തുറക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Similar Posts